അബുദാബി: യുഎഇയിലെ ഒരു സർക്കാർ സേവന കേന്ദ്രത്തിൽ കൈക്കൂലി വാഗ്ദാനം ചെയ്ത പ്രവാസിക്ക് ഒരു വർഷം ജയിൽ ശിക്ഷ. ഏഷ്യക്കാരനായ ബിസിനസുകാരൻ തന്റെ ബിസിനസ് സംബന്ധമായ ചില ആവശ്യങ്ങൾ നിയമവിരുദ്ധമായി നടത്തിയെടുക്കാനായാണ് കൈക്കൂലി വാഗ്ദാനം ചെയ്തത്.
തന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന മാനേജ്മെന്റ് കൺസൾട്ടൻസി കമ്പനിയെ മറ്റൊരു സ്ഥാപനമായി മാറ്റുന്നതിന് അംഗീകാരം തേടിയാണ് ഇയാൾ ഓഫീസിലെത്തിയത്. എന്നാൽ ആവശ്യമായ രേഖകൾ സമർപ്പിച്ചിരുന്നില്ല. രേഖകളില്ലാതെ തന്നെ ഇത് സാധിപ്പിച്ചെടുക്കുന്നതിന് വേണ്ടായായിരുന്നു കൈക്കൂലി വാഗ്ദാനം. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.
കൈക്കൂലി വാഗ്ദാനം ലഭിച്ച ഉദ്യോഗസ്ഥ ഇക്കാര്യം തന്റെ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്തു. തന്റെ കൊമേഴ്സ്യൽ ലൈസൻസ്, ഇൻവെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റ് വിഭാഗത്തിലേക്ക് മാറ്റാനായി ഒരു ഉപഭോക്താവ് 10,000 ദിർഹം കൈക്കൂലി വാഗ്ദാനം ചെയ്തെന്നായിരുന്നു ജീവനക്കാരിയുടെ റിപ്പോർട്ട്. ഇത്തരമൊരു ഇടപാട് നിയമവിരുദ്ധമാണെന്നും ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെ അത് നടത്തിക്കൊടുക്കാനാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
പല തവണ ഇയാൾ തന്നെ സമീപിച്ച് ഇതേ ആവശ്യം ഉന്നയിച്ചുവെന്നും അത് അവഗണിച്ച താൻ മേലധികാരികളെ അറിയിക്കുകയായിരുന്നുവെന്നും ജീവനക്കാരി പൊലീസിന് മൊഴി നൽകി. ജീവനക്കാരിക്ക് കാർ വാങ്ങി നൽകാമെന്നായിരുന്നു ഒരു ഘട്ടത്തിൽ വാഗ്ദാനം ചെയ്തത്. മേലധികാരികൾ സാമ്പത്തിക വികസന വകുപ്പിനും പൊലീസിനും പരാതി നൽകാൻ ഇവരോട് നിർദേശിച്ചു.
ഒരു തവണ കൂടി ഇയാൾ കൈക്കൂലി വാഗ്ദാനം ആവർത്തിച്ചപ്പോൾ 10,000 ദിർഹം സ്വീകരിക്കാമെന്ന് ജീവനക്കാരി അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ഇയാൾ പണവുമായെത്തി അത് കൈമാറിയ സമയത്ത് പൊലീസ് സംഘം കൈയോടെ അറസ്റ്റ് ചെയ്തു. തുടർന്ന് വിചാരണ പൂർത്തിയാക്കിയാണ് കേസിൽ കോടതി വിധി പറഞ്ഞത്.