ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം മാത്രം ഇതുവരെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 23000 കടന്നു. മുസാഫര്‍നഗറില്‍ പുതിയ ഏഴ് കേസുകള്‍ കൂടി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ഈ സീസണില്‍ മാത്രം രോഗബാധിതരുടെ എണ്ണം 253 ആയി. സംസ്ഥാനത്ത് 2020ല്‍ റിപ്പോര്‍ട്ട് ചെയ്തത് 2,204 ഡെങ്കി കേസുകള്‍ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ നാലുദിവസത്തിനിടെ മാത്രം 28 ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുസാഫര്‍നഗര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. മഹാവീര്‍ സിംഗ് പറഞ്ഞു.
ഡല്‍ഹിയില്‍ നവംബറില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതലായിരുന്നു. ഈ സീസണില്‍ ഡല്‍ഹിയിലെ രോഗികളുടെ എണ്ണം 5270 ആണ്. ഇതുപക്ഷേ 2015നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. പഞ്ചാബിലും കഴിഞ്ഞ ദിവസം 23 കേസുകള്‍ ഡെങ്കിപ്പനി മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവിടെ ലുധിയാനയില്‍ മാത്രം 1623 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. ഇതോടെ ഈ വര്‍ഷത്തെ ആകെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം പഞ്ചാബില്‍ 4,137 ആയി.
ഈ വര്‍ഷം ഒക്ടോബറിലാണ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം ഏറ്റവും കൂടുതലായുള്ളത്. ഹരിയാന, പഞ്ചാബ്, കേരള, രാജസ്ഥാന്, തമിഴ്നാട്, യുപി, ഉത്തരാഖണ്ഡ്, ഡല്‍ഹി, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലേക്ക് ഡെങ്കിപ്പനിയുടെ സാഹചര്യങ്ങള്‍ വിലയിരുത്താനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ സംഘങ്ങളെ അയച്ചിട്ടുണ്ട്.