തിരുവനന്തപുരം: രാജ്യത്തെ കർഷകർക്ക് മുന്നില്‍ നരേന്ദ്ര മോദിയെന്ന ഫാസിസ്റ്റ് ഭരണാധികാരിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മോദിയുടെ പതനം കര്‍ഷക സമര ഭൂമിയില്‍ നിന്ന് ആരംഭിച്ചിരിക്കുന്നു. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് ശുഭ സൂചന നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷുകാര്‍ക്കെതിരേ ഇന്ത്യ നടത്തിയ ഐതിഹാസിക പോരാട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് കര്‍ഷക സമരം. ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് നടത്തിയ സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ഭരണകൂടം പലതവണ ശ്രമിച്ചു. 750ലധികം കര്‍ഷകരാണ് 15 മാസം നീണ്ട പ്രക്ഷോഭത്തിനിടയില്‍ കൊല്ലപ്പെട്ടത്.
കര്‍ഷക ലക്ഷങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പായി കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിൻ്റെയും ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്നും സുധാകരന് കൂട്ടിച്ചേർത്തു.