കൊച്ചി: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന് അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. റഷ്യൻ യാത്ര കഴിഞ്ഞു മടങ്ങിയെത്തി അധികം ദിവസങ്ങൾ ആകും മുമ്പാണ് മരണം വിജയനെ തേടിയെത്തിയത്. ചായക്കട നടത്തി ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ഭാര്യയുമൊത്തുള്ള ലോകസഞ്ചാരം. ശ്രീ ബാലാജി കോഫി ഹൗസ് നടത്തിയിരുന്ന ഇദ്ദേഹം ബാലാജി എന്നാണ് അറിയപ്പെട്ടിരുന്നത്.
16 വർഷത്തോളം നീണ്ട ലോക സഞ്ചാരത്തിൽ 26 രാജ്യങ്ങളാണ് വിജയനും ഭാര്യയും സന്ദർശിച്ചത്. 2007ൽ ഈജിപ്ത് സന്ദർശനത്തിലൂടെ ആരംഭിച്ച വിദേശയാത്ര കഴിഞ്ഞ ഒക്ടോബറിൽ റഷ്യൻ യാത്രയോടെയാണ് സമാപിച്ചത്. ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു.
സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ഏറ്റവും ആകര്‍ഷിച്ചവ ഏതെന്നു ചോദിച്ചാല്‍, മോഹനയും വിജയനും ഒരുമിച്ചു പറയും സിംഗപ്പൂരും സ്വിറ്റസര്‍ലണ്ടും ന്യൂയോര്‍ക്കുമാണ് മനസുകവര്‍ന്നതെന്ന്. ചെറിയ ചായക്കടയുടെ ചുമരില്‍ പതിപ്പിച്ച ലോകഭൂപടത്തില്‍ തൊട്ടുകൊണ്ടു ബ്രസീലിന്റെയും ചിലിയുടെയും സ്ഥാനം കാണിച്ചുതരും. തങ്ങള്‍ക്കു ഇനിയും പോകാനുള്ള രാജ്യങ്ങള്‍ സ്വീഡനും ഡെന്മാര്ക്കും നോര്‍വെയും ഹോളണ്ടും ഗ്രീന്‍ലാന്‍ഡുമാണെന്ന സ്വപ്നം പങ്കിടും.
ശ്രീ ബാലാജി കോഫി ഹൗസിൻ്റെ ചുവരുകള്‍ നിറയെ വിജയനും മോഹനയും സന്ദര്‍ശിച്ച രാജ്യങ്ങളുടെ ചിത്രങ്ങളാണ്. ഓരോ രാജ്യത്തെയും കാഴ്ചകള്‍ കണ്ടു മതിമറന്നു നില്ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ കാണുന്നവരില്‍ വിസ്മയത്തോടൊപ്പം പ്രചോദനവുമാണ്.