ന്യൂഡല്‍ഹി: 16നും 64നും ഇടയില്‍ പ്രായമുള്ള പുകവലിക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഇന്ത്യയില്‍ 37 ശതമാനം പേരാണ് ഈ ദുശ്ശീലം നിര്‍ത്താന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നവര്‍. പുകവലി ഉപേക്ഷിക്കല്‍ നിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ ഇന്ത്യയും മാറുകയാണ്.ഏറ്റവും കൂടുതൽ പുരുഷന്മാരിലാണ് ശീലം കണ്ടുവരുന്നത് എന്നാൽ, അത് ഉപേക്ഷിക്കാന്‍ താല്പര്യമുള്ള പുരുഷന്മാർ തന്നെ 20 ശതമാനത്തില്‍ താഴെയുമാണ്.
ലോക ബാങ്ക് പോലുള്ള സ്രോതസ്സുകളില്‍നിന്നുള്ള വിവരങ്ങളുപയോഗിച്ച് ‘ദ ഇന്റര്‍നാഷനല്‍ കമീഷന് ടു റി ഇഗ്നൈറ്റ് ദ ഫൈറ്റ് എഗെന്‍സ്റ്റ് സ്മോക്കിങ്’ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. ചൈനയിലും ഇന്ത്യയിലുമായി 16നും 64നും ഇടയില്‍ പ്രായമുള്ള 50 കോടിയിലധികം പുകയില ഉപയോക്താക്കളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
16നും 64നും ഇടയില്‍ പ്രായമുള്ള 25 കോടിയിലധികം പുകവലിക്കാരുമായാണ് ചൈനക്ക് പിറകില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തുള്ളത്.ഇന്ത്യയില്‍ സ്ത്രീകളെക്കാള്‍ മൂന്നിരട്ടിയിലധികം പുരുഷന്മാര് പുകയില ഉല്പന്നങ്ങള് ഉപയോഗിക്കുന്നുണ്ടെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായില്‍ അര്‍ബുദം ബാധിച്ചവരുള്ളത് ഇന്ത്യയിലാണെന്നും വ്യക്തമാക്കുന്നു. ലോകത്താകെ 114 കോടി ആളുകളാണ് പുകയില ഉപയോഗിക്കുന്നവര്‍.
ഇതിനായി പ്രതിവര്‍ഷം ഏകദേശം രണ്ടു ലക്ഷം കോടി ഡോളറാണ് ചെലവഴിക്കുന്നത്. ഏകദേശം 80 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം പുകവലി മൂലം മരിക്കുകയും 20 കോടി പേര് അസുഖ ബാധിതരായി തീരുകയും ചെയ്യുന്നുണ്ട്.