സുമാത്ര: ഇന്തോനേഷ്യയിൽ വേട്ടക്കാരുടെ കെണിയില്‍ പെട്ട് തുമ്പിക്കൈ പാതി മുറിഞ്ഞ കുട്ടിയാന ചരിഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ഒരു വയസ്സുള്ള സുമാത്രന്‍ കുട്ടിയാനയാണ് ചരിഞ്ഞത്.
സുമാത്ര ദ്വീപിലെ ഒരു വര്‍ഷം പ്രായമായ പെണ് ആനക്കുട്ടിയാണ് വേട്ടക്കാരുടെ കെണിയില്‍ പെട്ട് പാതി തുമ്പിക്കൈ മുറിഞ്ഞ് അവശനിലയിലായത്. തുടർന്ന് ആനക്കുട്ടി ഗുരുതരമായ അണുബാധ നേരിടുന്നുണ്ടായിരുന്നു. രണ്ട് ദിവസത്തിന് ശേഷം, ഗ്രാമവാസികളാണ് അതിനെ കണ്ടെത്തിയത്.
പാതി മുറിഞ്ഞ തുമ്പിക്കൈയില്‍ ഗുരുതരമായ അണുബാധ ഉണ്ടായതിനെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. മുറിവേറ്റ തുമ്പിക്കൈ മുറിച്ചുമാറ്റി ജീവന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും മുറിവ് ഗുരുതരമായിരുന്നെന്ന് അധികൃതർ പറഞ്ഞു.
സുമാത്ര ദ്വീപിൽ ആകെ 693 ആനകള്‍ മാത്രമാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവിടങ്ങളിൽ ആനകളെ വേട്ടയാടുന്ന സംഭവങ്ങള്‍ നിരവധിയാണ്. ജൂലൈയിൽ ഒരു സുമാത്രൻ ആനയെ കൊമ്പുകൾ മുറിച്ചെടുത്ത് ശിരഛേദം ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.