മിംഫിസ്: അമേരിക്കൻ റാപ്പ് ഗായകൻ യങ് ഡോൾഫ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഇദ്ദേഹത്തിൻറെ ജന്മദേശമായ മിംഫിസിലെ ഒരു കുക്കിഷോപ്പിൽ വച്ചാണ് സംഭവം എന്നാണ് പൊലീസ് പറയുന്നത്. അതേ സമയം റാപ്പ് ഗായകനെ വെടിവച്ചയാളെ പൊലീസ് പിടികൂടിയെന്നും ഇയാളുടെ വിവരങ്ങൾ ഒന്നും പൊലീസ് പുറത്തുവിട്ടില്ലെന്നുമാണ് വിവരം. മിംഫിസ് വിമാനതാവളത്തിന് സമീപം ഉള്ള കുക്കിഷോപ്പിൽ വച്ചായിരുന്നു സംഭവം. യങ് ഡോൾഫിൻറെ കാർ സംഭവസ്ഥലത്ത് നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തിങ്കളാഴ്ചയാണ് യങ് ഡോൾഫ് സ്വദേശമായ മിംഫിസിൽ എത്തിയത്. ക്യാൻസർ രോഗബാധിതയായ തൻറെ ബന്ധുവിനെ സന്ദർശിക്കാനും, താങ്ക്സ് ഗിവിംഗ് ഡേ ഡിന്നറിൽ പങ്കെടുക്കാനുമായിരുന്നു ഈ സന്ദർശനം. തിങ്കളാഴ്ചയും ഇതേ കുക്കിഷോപ്പിൽ ഡോൾഫ് സന്ദർശനം നടത്തിയിരുന്നു.
ഇദ്ദേഹത്തിൻറെ ബന്ധുവായ മരീനോ മെയേർസിനെ ഉദ്ധരിച്ച് പ്രദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്, ഡോൾഫ് കടയിലേക്ക് കയറിയ ഉടൻ അദ്ദേഹത്തെ ചിലർ വളയുകയും, വെടിവയ്ക്കുകയും ചെയ്തുവെന്നാണ്. കഴിഞ്ഞ തവണ ഈ കട സന്ദർശിച്ചപ്പോൾ ഇദ്ദേഹത്തിൻറെ ഒരു പ്രമോഷൻ വീഡിയോ കടയുടെ നടത്തിപ്പുകാർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അമേരിക്കൻ ഹിപ്പ് ഹോപ്പ് കമ്യൂണിറ്റിയിൽ ഏറെ പ്രശസ്തനാണ് യങ് ഡോൾഫ്. ഇദ്ദേഹത്തിന് മുപ്പത്തിയാറ് വയസായിരുന്നു.
അക്രമണത്തിന്റെയും കുറ്റകൃത്യത്തിന്റെയും വേദന ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നതാണ് ഡോൾഫിൻറെ കൊലപാതകം, മിംഫിസ് മേയർ ജിം സ്ട്രൈക്ക്ലാൻറ് പ്രസ്താവിച്ചു. അതേ സമയം വെടിവയ്പ്പിന് ശേഷം സംഭവം നടന്ന കടയ്ക്ക് മുന്നിൽ വലിയ ജനക്കൂട്ടം തന്നെ രൂപപ്പെട്ടു. സിറ്റി കൗൺസിൽ മിംഫിസിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങളോട് ശാന്തരായി ഇരിക്കാൻ ആവശ്യപ്പെട്ട സിറ്റി പൊലീസ് മേധാവി, കൊലപാതകത്തിൽ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരണം നടത്തിയില്ല.