കണ്ണൂർ: കണ്ണൂർ സർവകലാശാല (kannur university) വിസിയുടെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് (youth congress) പ്രതിഷേധം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിൻറ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമിക്കാനുള്ള നീക്കത്തിന് എതിരെയാണ് പ്രതിഷേധം. കണ്ണൂർ യൂണിവേഴ്സിറ്റിയെ സിപിഎം പഠനകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്നും ഇതിന് നേതൃത്വം കൊടുക്കന്ന വിസിയോട് ഇത് അവസാനിപ്പിക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. അസോസിയേറ്റ് പ്രൊഫസറാകാനുള്ള മതിയായ യോഗ്യത പ്രിയ വർഗീസിനില്ലെന്നാണ് ആക്ഷേപം.
യുജിസി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസർക്ക് ഗവേഷണ ബിരുദവും എട്ട് വർഷം അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യത. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പരാമർശിക്കുന്നു. 2012 ൽ തൃശ്ശൂർ കേരളവർമ്മ കോളേജിൽ മലയാളം അസിസ്റ്റൻറ് പ്രൊഫസറായി നിയമനം ലഭിച്ച രാഗേഷിൻറെ ഭാര്യ പ്രിയ സർവീസിലിരിക്കെ മൂന്നുവർഷത്തെ അവധിയിൽ ഗവേഷണം നടത്തിയാണ് പിഎച്ച്ഡി ബിരുദം നേടിയത്. 2018 ലെ യുജിസി നിയമം 3- 9 വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു.അപ്പോൾ പ്രിയ വർഗിസീൻറെ ആകെ അധ്യാപന പരിചയം നാലുവർഷം മാത്രമാണ്.
ഗവേഷണം കഴിഞ്ഞ് 2019 മുതൽ രണ്ടുവർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവീസ് ഡയറക്ടറായി ഇവർ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തു. ഭരണപരമായ ഉത്തരവാദിത്തം മാത്രം ഉളളതിനാൽ ഈ തസ്തികയും അധ്യാപന പരിചയത്തിൽ ഉൾപ്പെടുത്താനാകില്ല. എന്നിട്ടും എല്ലാ യോഗ്യതയും ഉണ്ടെന്ന് കാണിച്ചാണ് പ്രിയ വർഗീസ് കണ്ണൂർ സർവകലാശാലയിൽ തുടക്കത്തിൽ ഒന്നരലക്ഷം രൂപ മാസ ശമ്പളമുള്ള അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിച്ചത്. ശരിയായ യോഗ്യത ഇല്ലെന്ന് ഒറ്റനോട്ടത്തിൽ മനസിലാകും എന്നിരിക്കെ പ്രിയ വർഗീസിനെയും ഉൾപ്പെടുത്തി സർവകലാശാല തിടുക്കപ്പെട്ട് ചുരുക്കപ്പട്ടിക തയ്യാറാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. തൊട്ടടുത്ത ദിവസം തന്നെ സർവകലാശാല സ്ക്രീനിംഗ് കമ്മിറ്റി കൂടി പ്രിയ വർഗീസിനേയും ഉൾപ്പെടുത്തി അഭിമുഖത്തിൽ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി.