കൊച്ചി: തേവരയിലെ കെയുആർടിസി (kurtc) ഡിപ്പോ അടച്ച് പൂട്ടാൻ നീക്കം. കോടികൾ വിലവരുന്ന അമ്പതിലധികം ലോ ഫ്ലോർ എസി ബസുകൾ അറ്റകുറ്റപ്പണി നടത്താതെ നശിക്കുകയാണ്. കേന്ദ്രസർക്കാർ ജൻറം പദ്ധതി വഴി കൊച്ചി നഗരത്തിന് ലഭിച്ച ബസുകളാണ് കെഎസ്ആർടിസി അവഗണനയിൽ ഉപയോഗശൂന്യമാകുന്നത്. 35 ദീർഘദൂരബസുകൾ ഉൾപ്പടെ 85 ലോ ഫ്ലോർ എസി ബസുകളാണ് തേവര കെയുആർടിസി ഡിപ്പോയിലുണ്ടായിരുന്നത്. ലോക്ഡൗണിൽ അറ്റകുറ്റപ്പണി മുടങ്ങിയതോടെ പലബസുകളും പണിമുടക്കി. ഇതിൽ 30 ബസുകളെങ്കിലും അറ്റകുറ്റപ്പണിയിൽ സർവ്വീസിന് സജ്ജമെങ്കിലും പേരിന് പോലും റോഡിൽ ഈ ബസുകൾ കാണാനില്ല.
ഇവിടുത്തെ അമ്പതിലധികം ജീവനക്കാർക്കും സ്ഥലം മാറ്റം നൽകിയത് ഡിപ്പോ അടച്ച് പൂട്ടാനുള്ള ശ്രമമെന്നാണ് ആരോപണം. തിരക്ക് ഇല്ലാത്തത് കൊണ്ടാണ് സർവ്വീസ് നിർത്തലാക്കിയതെന്നാണ് കെഎസ്ആർടിസി പറയുന്നത്. ശബരിമലയിലേക്ക് സർവ്വീസ് നടത്താൻ ആലോചനയുണ്ടെന്നും വിശദീകരണമുണ്ട്. സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്ന സമയമാണ്. ഇത്തരം അടിസ്ഥാന പൊതുഗതാഗത സംവിധാനങ്ങളോട് മുഖംതിരിച്ചാണോ വലിയ പദ്ധതികൾ എന്ന ചോദ്യത്തിനാണ് സർക്കാർ മറുപടി പറയേണ്ടത്.