തിരുവനന്തപുരം; കായിക രംഗത്ത് കേരളത്തിന് മുന്നേറുന്നതിന് അർപ്പണ മനോഭാവത്തോടെയുള്ള ഭാവനാ പൂർണമായ പ്രവർത്തനം നടക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒന്നാമത് സംസ്ഥാന ഒളിമ്പിക്സ് ഗെയിംസിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കായികരംഗത്തെ കേരളത്തിന്റെ മുന്നേറ്റത്തിന് സർക്കാർ മാത്രം വിചാരിച്ചാൽ മതിയാകില്ല. കായിക രംഗത്ത് കേരളത്തിന് പുതിയ തലത്തിലേക്ക് ഉയരാൻ സാധിക്കണം. സംസ്ഥാന ഒളിമ്പിക്സ് ഗെയിംസിലൂടെ പ്രതിഭാശാലികളായ കായികതാരങ്ങളെ കണ്ടെത്താനാകും. ഇവരെ തുടർന്ന് പരിശീലിപ്പിച്ച് ഇന്ത്യൻ കായിക മേഖലയിലെ മുത്തുകളാക്കി മാറ്റാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു.
കായിക താരങ്ങളെ ചെറുപ്പത്തിൽ തന്നെ കണ്ടെത്തി ശാസ്ത്രീയമായ പരിശീലനം നൽകി വളർത്തിയെടുക്കാൻ നല്ല സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. കായിക മേഖലയിൽ ഇപ്പോഴുള്ളതിന്റെ പതിൻമടങ്ങ് നേട്ടം സാധ്യമാക്കാവുന്ന ഭൗതിക സാഹചര്യം കേരളത്തിലുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ, കായിയ മേഖലയിലെ പ്രമുഖർ, കായിക സംഘടനാ പ്രതിനിധികൾ, വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു