കോട്ടയം: പാലായിൽ(pala) യുവതിയെ(woman) ഭർതൃവീടിന് സമീപത്തെ പുരയിടത്തിലെ ഉപയോഗ്യ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ(death) കണ്ടെത്തി. തോടനാൽ സ്വദേശിയായ രാജേഷിൻറെ ഭാര്യ ദൃശ്യയെ(28) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദൃശ്യയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ട്. സഹോദരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ദൃശ്യയുടെ സഹോദരൻ മണി ആരോപിച്ചു.
തീ കൊളുത്തിയ ശേഷം ദൃശ്യ കിണറ്റിൽ ചാടിയതാകാമെന്നാണ് പൊലീസിൻറെ നിഗമനം. ഏലപ്പാറ ചിന്നാർ സ്വദേശിയായ ദൃശ്യയും രാജേഷും തമ്മിൽ നാല് വർഷം മുമ്പാണ് വിവാഹിരായത്. ഇവർക്ക് കുട്ടികളില്ല. ദൃശ്യ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനെ ചൊല്ലി ഭർതൃ വീട്ടുകാർ പ്രശ്നമുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.
ദൃശ്യ കഴിഞ്ഞ ആഴ്ച ചിന്നാറിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനെ ചൊല്ലിയുണ്ടായ പ്രശ്നത്തെ തുടർന്ന് തിരികെ വരുമ്പോൾ ബന്ധുക്കളെ കൂട്ടണമെന്ന് ഭർത്താവിൻറെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച ദൃശ്യ ഒറ്റയ്ക്കാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇതോടെ ദൃശ്യയുടെ കുടുംബാംഗങ്ങളെ അന്നുതന്നെ ഭർതൃവീട്ടുകാർ വിളിച്ചുവരുത്തി, ഇരുവീട്ടുകാരും ചർച്ച നടത്തിയിരുന്നു.
തിങ്കളാഴ്ച 2.30 ഓടെയാണ് ദൃശ്യയെ വീട്ടിൽ നിന്നും കാണാതാവുന്നത്. തുടർന്ന് ഭർതൃവീട്ടുകാർ പൊലീസിൽ പാരാതി നൽകി. അന്വേഷണത്തിനിടെയാണ് അയൽവാസിയുടെ പുരയിടത്തിലെ കിണറിൽ നിന്നും ദൃശ്യയുടെ മൃതദേഹം കണ്ടെത്തുന്നത്. കിണറിന് സമീപത്ത് ടോർച്ച് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിണറ്റിനുള്ളിൽ നിന്നും കണ്ടെത്തിയത്. പിന്നീട് പൊലീസും അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
എന്നാൽ തൻറെ സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ദൃശ്യയുടെ സഹോദരൻ പറയുന്നത്. ദൃശ്യ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും സഹോദരൻ മണി ആരോപിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സഹോദരിയെ കണ്ട് മടങ്ങിത്. ഏലപ്പാറയിലെത്തിയപ്പോഴേക്കും മരണ വാർത്ത അറിഞ്ഞു. ഉച്ചവരെ അവൾക്ക് യാതൊരു വിഷമങ്ങളും ഉണ്ടായിരുന്നില്ല. അവൾ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. മദ്യപാനികളായ ഭർത്താവും ഭർത്താവിൻറെ അച്ഛനും സഹോദരിയെ ഉപദ്രവിക്കാറുണ്ടായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മണി ആവശ്യപ്പെട്ടു. ദൃശ്യയുടെ മരണത്തിൽ പാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.