കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വർഷം ഇതുവരെ 3,16,700 പ്രവാസികളുടെ ഇഖാമ (Residence permit) റദ്ദായതായി അധികൃതർ അറിയിച്ചു. വിവിധ വിസാ കാറ്റഗറികളിൽ (visa categories) ഉൾപ്പെടുന്ന വിവിധ രാജ്യക്കാരുടെ കണക്കാണിത്. യാത്രാ നിയന്ത്രണങ്ങൾ കാരണം യഥാസമയം രാജ്യത്ത് തിരിച്ചെത്താൻ സാധിക്കാതെ വന്നവർ, നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടവർ, ജോലി അവസാനിച്ചതിനെ തുടർന്ന് സ്വമേധയാ ഇഖാമ റദ്ദാക്കിയവർ, സ്ഥിരമായി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച പ്രവാസികൾ എന്നിവരെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.
2021 ജനുവരി ഒന്ന് മുതൽ നവംബർ 15 വരെയുള്ള കണക്കുകളാണ് ലഭ്യമായിട്ടുള്ളത്. ഇഖാമ റദ്ദായവർ അധികവും അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ വർഷം ഇതേസമയം ഇഖാമ റദ്ദാക്കപ്പെട്ടവരുടെ എണ്ണം 44,124 ആയിരുന്നു. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി കാരണം യഥാസമയം രാജ്യത്ത് തിരിച്ചെത്തി ഇഖാമ പുതുക്കാൻ സാധിക്കാത്തവരുടെ എണ്ണം കൂടിയതാണ് വർദ്ധനവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അതേസമയം കൊവിഡ് കാലത്ത് രാജ്യത്തിന് പുറത്ത് കുടുങ്ങിപ്പോയവർക്ക് ഓൺലൈനായി ഇഖാമ പുതുക്കുന്നതിനുള്ള സംവിധാനം താമസകാര്യ വകുപ്പ് ഏർപ്പെടുത്തിയിരുന്നെന്നും അധികൃതർ അറിയിച്ചു. ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് തങ്ങിയാൽ ഇഖാമ റദ്ദാവുമെന്ന നിബന്ധനയും ഈ സമയത്ത് താത്കാലികമായി ഒഴിവാക്കി നൽകിയിരുന്നു.