ചെന്നൈ: തമിഴ് നടൻ വിജയ്യുടെ (Vijay) വീടിന് നേരെ വീണ്ടും ബോംബ് ഭീഷണി(bomb threat). താരത്തിന്റെ ചെന്നൈയിലുള്ള വീടിന് നേരെയാണ് ഭീഷണി ഉയർന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി.
തമിഴ്നാട് പൊലീസ് കണ്ട്രോൾ റൂമിലേക്കായിരുന്നു ബോംബ് ഭീഷണി കോൾ എത്തിയത്. ഉടൻ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്ത് എത്തുകയും തിരച്ചിൽ നടത്തുകയും ചെയ്തു. സംഭവത്തിൽ വില്ലുപുരം സ്വദേശി എസ് ഭുവനേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇയാൾ നേരത്തെയും ഇത്തരത്തിലുള്ള ഭീഷണി കോളുകൾ ചെയ്തിട്ടുണ്ടെന്നാണ് വിവരം. തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്, കമൽ ഹാസ്സൻ, അജിത്, മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, മുഖമന്ത്രി എംകെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവരുടെ വീടുകളിലേക്ക് ഇയാൾ വ്യാജ ഭീഷണി കോളുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ വർഷം സാലിഗ്രാമിലുള്ള നടന്റെ വീടിന് നേരെയും വ്യാജ ബോംബ് ഭീഷണി ഉയർന്നിരുന്നു. അന്ന് ചെന്നൈ സ്വദേശിയായ അരുണ്‍ എന്ന മണികണ്ഠൻ എന്ന യുവാവ് അറസ്റ്റിലായിരുന്നു. വിജയ്യുടെ ബിഗിൽ എന്ന ചിത്രത്തിന്റെ ഫാന്‍സ് ഷോയ്ക്ക് ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയിലായിരുന്നു യുവാവെന്നും ഇതാണ് ഭീഷണി മുഴക്കാൻ കാരണമായതെന്നുമായിരുന്നു അന്ന് പൊലീസ് പറഞ്ഞത്.