ബംഗലൂരു: കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച പ്രഥമ നാഷണല്‍ എഡ്യുക്കേഷന്‍ പോളിസി (എന്‍ഇപി) കോണ്‍ക്ലേവ് ബംഗലൂരുവില്‍ നടന്നു. യുകെ ആസ്ഥാനമായ വിദ്യാഭ്യാസ, നൈപുണ്യ വികസന സ്ഥാപനമായ ഇന്റര്‍നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ്ഡിസി) സഹകരണത്തോടെ സംഘടിപ്പിച്ച കോണ്‍ക്ലേവ് കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. അശ്വത് നാരായണ്‍ സി.എന്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യല്‍ എന്നതായിരുന്നു കോണ്‍ക്ലേവിന്റെ വിഷയം.
സമഗ്രമായ സമീപനത്തിലൂടെയും ശരിയായ വിജ്ഞാനത്തിലൂടെയും വേണം വിദ്യാഭ്യാസ ദാതാക്കള്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റാനെന്ന് മന്ത്രി ഡോ. അശ്വത് നാരായണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഈ ദിശയിലുള്ള ക്രിയാത്മകമായ കാല്‍വെയ്പ്പാണ് എന്‍ഇപിയെന്നും ഇന്നത്തെ സാഹചര്യത്തില്‍ വിദ്യാഭ്യാസ മേഖല നേരിടുന്ന എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഇപി വിജയകരമായി നടപ്പാക്കുന്നതോടെ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ കര്‍ണാടക രാജ്യത്തെയും ലോകത്തെയും തന്നെ മികച്ച വിദ്യാഭ്യാസ ഹബ്ബായി മാറും. വിദ്യാര്‍ഥികളുടെ ഉന്നമനത്തിനും മികച്ച വിദ്യാഭ്യാസ സാഹചര്യം ഒരുക്കുന്നതിനും ഏത് സാധ്യതകളും ആരായാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. എന്‍ഇപി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമെന്ന നിലയില്‍ രാജ്യത്തിന് തന്നെ മാതൃകയാകാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും കര്‍ണാടകയിലെ സാമൂഹികമായും സാവമ്പത്തികമായും പിന്നോക്കം നില്ക്കുന്ന 95% വിദ്യാര്‍ഥികള്‍ക്കും എന്‍ഇപി നടപ്പാക്കുന്നതിലൂടെ നേട്ടമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് പ്രധാന ഘടകമെന്ന നിലയില്‍ വിദ്യാഭ്യാസ മേഖലയിലെ പരിവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്ന് കോണ്‍ക്ലേവില്‍ സംസാരിച്ച ഐഎസ്ഡിസി എക്സിക്യുട്ടിവ് ഡയറക്ടര്‍ ടോം എം. ജോസഫ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതികവിദ്യയുടെ കടന്നുവരവ് രാജ്യത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠനം പ്രാപ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനും ആഗോളതല വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളിലേക്കുള്ള വ്യാപനത്തിനും എന്‍ഇപിയിലെ നിര്‍ദ്ദേശങ്ങള്‍ സഹായകമാകുമെന്നും ടോം വ്യക്തമാക്കി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, പ്രമുഖ സര്‍വകലാശാലകളുടെ പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി 200-ലേറെ പേര് കോണ്‍ക്ലേവില്‍ പങ്കെടുത്തു. 25 വിദഗ്ധര്‍ പങ്കെടുത്ത അഞ്ച് പ്രധാന പാനല്‍ ചര്‍ച്ചകളാണ് നടന്നത്. എന്‍ഇപിയിലൂടെയുള്ള രാജ്യാന്തര സാധ്യതകള്‍, മികച്ച ആഗോള രീതികള്‍ അവലംബിച്ചും വ്യവസായങ്ങളുടെ ആവശ്യാനുസരണമുള്ള നൈപുണ്യ വികസന പദ്ധതികള്‍ ആവിഷ്കരിച്ചും ദേശീയതലത്തിലും രാജ്യാന്തര തലത്തിലും ജോലിസാധ്യതകള്‍ സൃഷ്ടിച്ചുമുള്ള നയത്തിന്റെ ഫലപ്രദമായ നടപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.
കര്‍ണാടക ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ എക്സിക്യുട്ടിവ് ഡയറക്ടര്‍ പ്രൊഫ. ഗോപാല്‍കൃഷ്ണ ജോഷി; കോളീജിയേറ്റ്, ടെക്നിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം കമ്മിഷണര്‍ പ്രദീപ് പി, ഐഎഎസ്; ഐഎസ്ഡിസി എക്സിക്യുട്ടിവ് ഡയറക്ടര്‍- ലേണിങ് തെരേസ ജേക്കബ്സ്, ബാംഗ്ളൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. വേണുഗോപാല്‍ കെ.ആര്; ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. രാജ് സിംഗ്; ആര്‍വി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. വൈ.എസ്.ആര്. മൂര്‍ത്തി; ജെയിന് ഓണ്‍ലൈന്‍ ചീഫ് ബിസിനസ് ഓഫീസര്‍ ജയപ്രകാശ് റെഡ്ഡി തുടങ്ങിയ പ്രമുഖര്‍ കോണ്‍ക്ലേവില്‍ സംസാരിച്ചു.