കൊച്ചി: മുൻ മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ അപകടത്തിൽ മരിച്ച സംഭവത്തിൽ കൊച്ചിയിലെ ഹോട്ടലുടമ റോയി വയലാട്ടിനെ പോലീസ് ചോദ്യംചെയ്തു. ഏഴ് മണിക്കൂറോളമാണ് റോയിയെ പോലീസ് ചോദ്യം ചെയ്തത്.
പോലീസ് ആവശ്യപ്പെട്ടത് പ്രകാരം ഡി.ജെ പാര്‍ട്ടിയുടേത് ഉള്‍പ്പെടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ റോയി ഹാജരാക്കിയിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ ദുരൂഹമായി ഒന്നുമില്ലെന്നു എറണാകുളം എ.സി.പി പറഞ്ഞു.
അതേസമയം ചില തര്‍ക്കങ്ങള്‍ നടന്നതായി പോലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അതുസംബന്ധിച്ച് കൂടുതല്‍ പരിശോധന പോലീസ് നടത്തും.
കഴിഞ്ഞ ദിവസം മുന്‍ മിസ് കേരള ജേതാക്കളുടെ വാഹനത്തെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ ചോദ്യംചെയ്തിരുന്നു. അപകടത്തിനുശേഷം സൈജു നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിര്‍ദേശപ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്ന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.