ദുബായ്: 2024 മുതൽ 2031 വരെയുള്ള ഐസിസി ഇവൻ്റുകൾക്കുള്ള വേദികൾ പ്രഖ്യാപിച്ചു. 2024ലെ ടി-20 ലോകകപ്പിന് അമേരിക്ക വേദിയാവും. വെസ്റ്റ് ഇൻഡീസിനൊപ്പം സംയുക്ത വേദിയാണ് അമേരിക്ക. ഇത് ആദ്യമായാണ് അമേരിക്ക ഒരു ഐസിസി ഇവൻ്റിനു വേദിയാവുന്നത്. 2024 ജൂണിലാണ് ടി-20 ലോകകപ്പ്. (ICC tournament hosts confirmed)
പാകിസ്താനാണ് ചാമ്പ്യൻസ് ട്രോഫിയ്ക്ക് വേദിയാകുന്നത്. 12 രാജ്യങ്ങൾക്കാണ് ടൂർണമെന്റുകൾ നടത്താൻ അവസരം ലഭിച്ചിരിക്കുന്നത്. 2025-ലെ ചാമ്പ്യൻസ് ട്രോഫിയാണ് പാകിസ്താനിൽ വെച്ച് നടത്തുക. ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പാകിസ്താൻ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്നത്. 2026-ലെ ട്വന്റി 20 ലോകകപ്പിന് ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കും. തൊട്ടടുത്ത വർഷം നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് ദക്ഷിണാഫ്രിക്ക, സിംബാബെ, നമീബിയ എന്നീ രാജ്യങ്ങളിലായി നടക്കും.
2028-ലെ ട്വന്റി 20 ലോകകപ്പിന് ഓസ്ട്രേലിയയും ന്യൂസീലൻഡും വേദിയാകുമ്പോൾ 2029-ലെ ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഇന്ത്യ വേദിയൊരുക്കും. 2030-ൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ഇംഗ്ലണ്ട്, അയർലൻഡ്, സ്കോട്ലൻഡ് എന്നീ രാജ്യങ്ങൾ വേദിയാകും. 2031-ൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യയും ബംഗ്ലാദേശും ആതിഥേയത്വം വഹിക്കും.