കൊല്ലം: പൗരാണിക തുറമുഖ നഗരമായ കൊല്ലം കേന്ദ്രമാക്കി ക്രൂസ് ടൂറിസം ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് കന്യാകുമാരിയിലേക്ക് കൊല്ലത്ത് നിന്നും ഫെറി സർവീസ് പദ്ധതി കേരള മാരിടൈം ബോർഡ് ആലോചിക്കുന്നത്. ഇതിൻ്റെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസിനെ ചുമതലപ്പെടുത്തും. ഇതിൻ്റെ താല്പര്യപത്രം ഈ മാസം ക്ഷണിക്കും.
ഇരുന്നൂറോളം പേർക്ക് സഞ്ചരിക്കാവുന്ന മിനി കപ്പൽ ആകും ഇതിനു വിനിയോഗിക്കുന്നത്. ഇത് കന്യാകുമാരിയിലേക്കുള്ള വിനോദസഞ്ചാരികൾക്കു പുതിയൊരു അനുഭവമായി മാറും. കൊച്ചി, വിഴിഞ്ഞം എന്നീ സ്ഥലങ്ങൾ കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതാണ്. യാത്രക്കാരെ മാത്രം കയറ്റുന്ന സ്റ്റീമറുകളുടെ സർവീസ് നടത്താൻ താല്പര്യപത്രം ക്ഷണിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നു മാരിടൈം ബോർഡ് ചെയർമാൻ വി ജെ മാത്യു അറിയിച്ചു.
അടുത്തിടെ കേരള മാരിടൈം ബോർഡ് ആരംഭിച്ച ചരക്കു കപ്പൽ സർവീസ് വൻവിജയമായിരുന്നു. നാലുമാസത്തിനിടയിൽ ഏകദേശം 1700 ഓളം കണ്ടെയ്നറുകൾ ബേപ്പൂരും കൊല്ലത്തും അഴീക്കലും എത്തിക്കാൻ സാധിച്ചു. റോഡ് മാർഗ്ഗമുള്ള യാത്രയുടെ പകുതി മാത്രമേയുള്ളു എന്നതും സർക്കാർ സബ്സിഡി ഉണ്ടെന്നതും പ്രധാന ആകർഷണമാണ്. റോഡ് മാർഗ്ഗമുള്ള കണ്ടെയ്നർ നീക്കത്തിൻ്റെ ചെലവിൻ്റെ പകുതി തുകയാണ് സർക്കാർ കപ്പൽ കമ്പനിക്കു സബ്സിഡിയായി നൽകുക. ഇതിൻ്റെ ഒരു ഭാഗം കയറ്റുമതി-ഇറക്കുമതി ഇടപാടുകാർക്ക് നൽകും. ഇതു കേരളത്തിലെ ചരക്കുനീക്കത്തിലും വ്യവസായ രംഗത്തും പുത്തൻ ഉണർവേകുമെന്നു പ്രതീക്ഷിക്കുന്നതായി കേരള മാരിടൈം ബോർഡ് അറിയിച്ചു.