മൂന്നാർ: പെരിയവാര എസ്റ്റേറ്റ് ആനമുടി ഡിവിഷനിൽ കാട്ടാന (Wild Elephant) ശല്യം രൂക്ഷം. തൊഴിലാളികളുടെ വീടിന്റെ മേൽക്കൂരയും ശിശുപരിപാതന കേന്ദ്രവും ആന തകർത്തു. സംഭവത്തിൽ വനപാലകരുടെ (Forest Officers) അടിയന്തര ഇടപെടൽ വേണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. മൂന്നാറിലെ (Munnar) എസ്റ്റേറ്റ് മേഖലയിൽ കാട്ടാനകളുടെ ശല്യം അതിരൂക്ഷമായി തുടരുകയാണ്.
മുനിയമ്മ- ജോൺ എന്നിവരുടെ വീടിന്റെ മേൽക്കൂര തകർത്ത് ഒരുമണിക്കൂർ കഴിഞ്ഞാണ് ആന കാടുകയറിയത്. ആനപ്പേടിയിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് തൊഴിലാളികളായ തങ്കം, മുനിയമ്മ എന്നിവർ പറഞ്ഞു. മാസങ്ങളായി കാട്ടാനകൾ കൂട്ടമായും അല്ലാതയും ജനവാസമേഖലകളിൽ എത്തുന്നത് തടയുന്നതിന് വനപാലകർക്ക് കഴിയാത്തത് വൻ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്. ഉപജീവനത്തിനായി അടുക്കളത്തോട്ടങ്ങളിൽ ക്യഷിയിറക്കിയും കന്നുകാലികളെ വളർത്തിയും ജീവിക്കുന്ന തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുവാൻ സർക്കാർ തലത്തിൽ നടപടികൾ വേണമെന്നാണ് ആവശ്യം.