ദോഹ: ഖത്തറിന്റെ വടക്കൻ മേഖലയിൽ രൂപംകൊണ്ട പിങ്ക് ജലാശയം (Pink water-body) സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നു. ചിലർ ട്വിറ്ററിലൂടെ (Twitter) ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും പങ്കുവെച്ചതിന് പിന്നാലെ നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഖത്തർ പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
വെള്ളത്തിന്റെ നിറം മാറ്റത്തിന് കാരണം എന്താണെന്ന് കണ്ടെത്താൻ പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. മുഹമ്മദ് അബ്ദുൽ മുഹ്സിൻ അൽ ഫയാദ് എന്നയാളാണ് ആദ്യം ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചത്. സംഭവത്തിൽ ഉടൻ തന്നെ ഇടപെടുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്ത പരിസ്ഥിതി മന്ത്രാലയത്തെ പിന്നീട് അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
വെള്ളത്തിലെ ചില പ്രത്യേകതരം ആൽഗകളും ബാക്ടീരിയകളും കാരണമാണ് ഇത്തരമൊരു നിറവ്യത്യാസമുണ്ടാകുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. മഴ കുറയുമ്പോൾ വെള്ളത്തിൽ ഉപ്പിന്റെ അംശം വർദ്ധിക്കുകയും വെള്ളത്തിന്റെ താപനില കൂടുകയും ചെയ്യും. ഉപ്പുവെള്ളത്തിൽ വളരുന്ന ചില ആൽഗകൾ ഈ സാഹചര്യത്തിൽ കൂടുതലായി വളരുടെയും അവ പിങ്ക് നിറത്തിലുള്ള ഒരു വസ്തു പുറപ്പെടുവിക്കുകയും ചെയ്യും. ഇതാണ് വെള്ളത്തിന്റെ നിറം മാറ്റത്തിന് കാരണമാവുന്നതെന്നും ഇക്കാര്യത്തിൽ കൂടുതൽ പരിശോധന നടത്തണമെന്നും ചിലർ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു.
ظاهره غريبة عين مائها وردي #شمال_قطر #الثقب تستحق الدراسه والتحليل ومعرفه اسباب تلون مياه العين باللون الوردي #قطر pic.twitter.com/QXWrSqS9z2
— محمد عبدالمحسن الفياض الخالدي (@mohamdalfayyad) November 14, 2021