തിരുവനന്തപുരം: കിഫ്ബിക്കെതിരായ വാര്‍ത്തകള്‍ ഗോസിപ്പ് വാര്‍ത്തകളെന്നും അത് കേരളത്തെ തകര്‍ക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. സിഎജിയുടെ കരട് റിപ്പോര്‍ട്ട് പോലും വന്നിട്ടില്ല. അന്തിമ റിപ്പോര്‍ട്ട് നിയമസഭയില്‍ വരുകയും സഭാ സമിതി പരിശോധിക്കുകയും വേണം. ഇതൊന്നും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെപ്പോലെ ഉത്തരവാദിത്ത സ്ഥാനങ്ങളിലുള്ളവര്‍ ചോര്‍ന്നു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിമര്‍ശന മുയര്‍ത്തുന്നത് ശരിയാണോ എന്നും കെ എന്‍ ബാലഗോപാല്‍ ചോദിച്ചു.
അതേസമയം, സിഎജിയുടെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ വിമർശനം എന്നതിന് മറുപടിയുമായി കിഫ്ബി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്പെഷ്യൽ ഓഡിറ്റിൽ അന്തിമ റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് കിഫ്ബി പ്രതികരിച്ചത്. സിഎജി നൽകിയ 76 പ്രാഥമിക നിരീക്ഷണങ്ങൾക്ക് മറുപടി നൽകിയെന്നും കിഫ്ബി വിശദീകരിക്കുന്നു. മറുപടി മാറ്റിവെച്ച് സംശയങ്ങളും ചോദ്യങ്ങളും മാത്രമാണ് പുറത്തുവിട്ടതെന്നും കിഎഫ്ബി കുറ്റപ്പെടുത്തുന്നു. സ്പെഷ്യൽ ഓഡിറ്റിൽ സിഎജിക്ക് നൽകിയ മറുപടി കിഫ്ബിയും ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. കിഫ്ബിയുടെ വിശദീകരണത്തിന്മേൽ സിഎജി പരിശോധന നടത്തുകയാണ്.
ഇതിനിടെ വിഷയത്തിൽ സർക്കാർ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. അഴിമതിയുടെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് ബിജെപിയും പ്രതികരിച്ചു. ഗുരുതരമായ പ്രശ്നങ്ങളാണ് സ്പെഷ്യൽ റിപ്പോർട്ടിലെന്ന് ബിജെപി പറഞ്ഞു.