ദോഹ: ദോഹയിലെ ഹമദ് വിമാനത്താവളത്തിൽ വെച്ച് നഗ്നരാക്കി പരിശോധന നടത്തിയ സംഭവത്തിൽ അധികൃതർക്കെതിരെ നിയമനടപടിയുമായി ഓസ്ട്രേലിയൻ സ്വദേശിനികൾ. 2020ൽ വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ നിന്ന് ഒരു നവജാത ശിശുവിനെ കണ്ടെടുത്തതിന് പിന്നാലെ കുട്ടിയുടെ അമ്മ ആരാണെന്ന് കണ്ടെത്താനായിരുന്നു അധികൃതർ വിമാനത്തിലുണ്ടായിരുന്ന എല്ലാ സ്ത്രീകളെയും ശാരീരിക പരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ ഖത്തർ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും വിചാരണ പൂർത്തിയാക്കിയ ശേഷം വിമാനത്താവളത്തിലെ ഒരു ജീവനക്കാരന് ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം സംഭവത്തിൽ പിന്നീട് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അന്ന് പരിശോധനയ്ക്ക് വിധേയരാകേണ്ടി വന്ന സ്ത്രീകളുടെ ആരോപണം.
അധികൃതരുടെ അനുമതിയോടെ നടത്തിയ അതിക്രമമായിരുന്നുവെന്ന് സ്ത്രീകൾ പറഞ്ഞു. ഖത്തർ എയർവേയ്സ് വിമാനത്തിൽ കയറി യാത്രയ്ക്ക് തയ്യാറായിരിക്കുകയായിരുന്ന സ്ത്രീകളെ ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തിറക്കുകയും വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്ന ആംബുലൻസുകളിലേക്ക് മാറ്റി നഴ്സുമാർ ശാരീരിക പരിശോധന നടത്തുകയുമായിരുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് തങ്ങളോട് പറഞ്ഞിരുന്നില്ലെന്നും അനുമതിയില്ലാതെയാണ് ശാരീരിക പരിശോധന നടത്തിയതെന്നും സ്ത്രീകൾ പറഞ്ഞു. ജീവിതത്തിലെ ഏറ്റവും ഭീതിജനകമായ ഒരു സംഭവമായിരുന്നു അതെന്നും സ്ത്രീകൾ ആരോപിച്ചു. പരിശോധനയ്ക്ക് ശേഷം സ്ത്രീകളെ തിരികെ വിമാനത്തിൽ കയറ്റി യാത്ര ചെയ്യാൻ അനുവദിച്ചു. വിമാനം ഓസ്ട്രേലിയയിൽ എത്തിയപ്പോൾ തന്നെ സ്ത്രീകളിൽ പലരും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു.
സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ ഖത്തർ പ്രധാനമന്ത്രി ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ ഥാനി ട്വിറ്ററിലൂടെ ഖേദം പ്രകടിപ്പിച്ചു. വനിതാ യാത്രക്കാരോടുണ്ടായത് ഒരിക്കലും ന്യായീകരിക്കാനാവാത്ത പ്രവൃത്തിയായിരുന്നുവെന്നും അത് ഖത്തറിന്റെ നിയമങ്ങൾക്കും മൂല്യങ്ങൾക്കും അനുസൃതമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശേഷം ക്രിമിനൽ നിയമനടപടി ആരംഭിച്ച ഖത്തർ അധികൃതർ ഒരു വിമാനത്താവള ജീവനക്കാരന് ജയിൽ ശിക്ഷയും വിധിച്ചു. സംഭവം അറബ് ലോകത്തും പുറത്തും വലിയ വാർത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു.