ദോഹ: ഖത്തർ ലോകകപ്പിെൻറ കണ്ണായ കോർണിഷിൽ കാൽപന്തുകളിയാവേശത്തിന് കൊടിയേറ്റം തുടങ്ങി. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലെയും ആഫ്രിക്കയിലെയുമെല്ലാം കളിമുറ്റങ്ങളിൽ വീറുറ്റ പോരാട്ടത്തിലൂടെ ജയിച്ചെത്തുന്നവർ ഖത്തറിെൻറ മണ്ണിൽ കാലുകുത്തും മുേമ്പ ദേശീയ പതാകകൾ കോർണിഷിലെ കൊടിമരങ്ങളിൽ ഉയരുകയായി.
അറേബ്യൻ ഉൾക്കടലിെൻറ കാറ്റും തിരയിളക്കവും ആസ്വദിച്ച് നീണ്ടുനിവർന്നു കിടക്കുന്ന ദോഹ കോർണിഷിൽ നിരനിരയായി ഉയർത്തിക്കെട്ടിയ 32 കൊടിമരങ്ങളിൽ വിവിധ രാജ്യങ്ങളുടെ ദേശീയ പതാക ഉയർന്നു. 2022 നവംബർ 21ന് കിക്കോഫ് കുറിക്കുന്ന ഫിഫ ലോകകപ്പിലേക്കുള്ള ലോകത്തിെൻറ കൊടിയടയാളം കൂടിയാണിത്. ഞായറാഴ്ച നടന്ന ചടങ്ങിലായിരുന്നു ലോകകപ്പിന് യോഗ്യത നേടിയ ഓരോ രാജ്യങ്ങളുടെയും ദേശീയ പതാകകൾ അതത് രാഷ്ട്രങ്ങളുടെ നയതന്ത്ര പ്രതിനിധികൾ ഉയർത്തിയത്. ആദ്യമുയർന്നത് ഖത്തറിലേക്ക് യോഗ്യത നേടിയ ആദ്യ ടീമായ മുൻലോകചാമ്പ്യന്മാർ ജർമനിയുടെ പതാകയായിരുന്നു. ഖത്തറിലെ ജർമൻ അംബാസഡർ ഡോ. േക്ലാഡിയസ് ഫിഷ്ബാഹ് ആയിരുന്നു ലോകകപ്പിെൻറ പ്രാദേശിക സംഘടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസ്സൻ അൽ തവാദി, സി.ഇ.ഒ നാസർ അൽ കാതിർ എന്നിവരുടെ സാന്നിധ്യത്തിൽ ദേശീയ പതാക ആകാശത്തേക്കുയർത്തിയത്. പിന്നാലെ, ഡെന്മാർക്, ബ്രസീൽ, ബെൽജിയം, ഫ്രാൻസ് ടീമുകളുടെയും പതാകകൾ ഉയർന്നു. ഫ്രഞ്ച് അംബാസഡർ ജീൻ ബാപ്റ്റിസ്റ്റ് ഫെയ്വർ, ബെൽജിയം അംബാസഡർ വില്യം അസൽബോൺ, ബ്രസീലിെൻറ ലൂയിസ് ആൽബർടോ ഫിഗ്വേറിഡോ മചാഡോ എന്നിവരാണ് അതത് രാജ്യങ്ങളുടെ പതാക ഉയർത്തിയത്. ആതിഥേയരായ ഖത്തറിെൻറ ദേശീയ പതാക ഖത്തർ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി ജനറൽ മൻസൂർ അൽ അൻസാരി ഉയർത്തി. ഞായറാഴ്ച രാത്രിയോടെ യോഗ്യത നേടിയ ടീമുകളുടെ എണ്ണം കൂടി. സ്പെയിൻ, ക്രൊയേഷ്യ, സെർബിയ ടീമുകളാണ് ഏറ്റവും ഒടുവിൽ യൂറോപ്യൻ യോഗ്യതാ റൗണ്ടിലെ മികച്ച ജയവുമായി ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചത്.
ലോകകപ്പിന് യോഗ്യത നേടുന്ന ടീമുകളെയും അവരുടെ ആതിഥേയരെയും ഖത്തറിലേക്ക് സ്വാഗതം ചെയ്യുകയാണ് ഫ്ലാഗ് റെയ്സ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമെന്ന് ഹസൻ അൽ തവാദി പറഞ്ഞു. ഇതിനകം യോഗ്യത നേടിയ ടീമുകളെയും ആതിേഥയരെയും അഭിനന്ദിച്ചു. കൂടുതൽ ടീമുകൾ യോഗ്യത നേടുന്നതിനനുസരിച്ച് പതാക ഉയർത്തൽ തുടരുമെന്ന് മൻസൂർ അൽ അൻസാരി അറിയിച്ചു.