മനാമ: ബഹ്റൈനിലെ പുതുക്കിയ യാത്രാ മാനദണ്ഡം അനുസരിച്ച് ഇന്ത്യയിൽനിന്ന് വരുന്ന യാത്രക്കാർ താമസരേഖ കാണിക്കേണ്ടതില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇതു ബാധകമാണ്. പുതിയ വ്യവസ്ഥകൾ നവംബർ 14 മുതൽ പ്രാബല്യത്തിൽ വന്നു. ലോകാരോഗ്യ സംഘടനയോ ബഹ്റൈനോ അംഗീകരിച്ച വാക്സിൻ സർട്ടിഫിക്കറ്റുമായി വരുന്നവർ യാത്ര പുറപ്പെടും മുമ്പുള്ള കോവിഡ് പി.സി.ആർ ടെസ്റ്റ് നടത്തേണ്ട. ബഹ്റൈനിൽ 10 ദിവസത്തെ ക്വാറൻറീനും ഇവർക്ക് ആവശ്യമില്ല. സർട്ടിഫിക്കറ്റിൽ സ്കാൻ ചെയ്യാൻ കഴിയുന്ന ക്യു.ആർ കോഡ് നിർബന്ധമായും ഉണ്ടായിരിക്കണം.
വാക്സിൻ സ്വീകരിക്കാത്ത ആറു വയസ്സിന് മുകളിലുള്ള യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റിവ് പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് യാത്ര പുറപ്പെടുേമ്പാൾ ഹാജരാക്കണം. ഇൗ സർട്ടിഫിക്കറ്റിൽ ക്യു.ആർ കോഡ് ഉണ്ടായിരിക്കണം. സ്കാൻ ചെയ്യുേമ്പാൾ ലഭിക്കുന്ന ഒാൺലൈൻ പി.ഡി.എഫ് സർട്ടിഫിക്കറ്റും കൈവശമുള്ള പ്രിൻറൗട്ടും തുല്യമായിരിക്കണം. ബഹ്റൈൻ വിമാനത്താവളത്തിൽ അധികൃതർ കർശന പരിശോധന നടത്തുന്നതിനാൽ യാത്രക്കാർ ഇക്കാര്യത്തിൽ സൂക്ഷ്മത പാലിക്കണമെന്ന് എയർ ഇന്ത്യ ഒാർമിപ്പിച്ചു. ആറു വയസ്സിൽ താഴെയുള്ളവർക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.
വാക്സിൻ സ്വീകരിക്കാത്ത യാത്രക്കാർ (12 വയസ്സിന് മുകളിലുള്ളവർ) താമസ സ്ഥലത്ത് 10 ദിവസത്തെ ക്വാറൻറീനിൽ കഴിയണം. വാക്സിൻ സ്വീകരിച്ചവരും അല്ലാത്തവരുമായ യാത്രക്കാർ ബഹ്റൈനിൽ എത്തിയാൽ മൂന്ന് പി.സി.ആർ ടെസ്റ്റുകൾ നടത്തണം. ആദ്യത്തേത് വിമാനത്താവളത്തിൽവെച്ചും രണ്ടാം ടെസ്റ്റ് അഞ്ചാം ദിവസവും മൂന്നാം ടെസ്റ്റ് 10ാം ദിവസവുമാണ് നടത്തേണ്ടത്. ഇതിന് 36 ദീനാറാണ് ഫീസ് അടക്കേണ്ടത്.