കൊച്ചി: മുൻ മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ അപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. ഹോട്ടലിൽ മോശമായതെന്തോ സംഭവിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഡിജെ പാർട്ടിയിൽ പങ്കെടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. ലഭ്യമായ ദൃശ്യങ്ങൾ വച്ച് പാർട്ടിയിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞ് തുടങ്ങിയതായി പോലീസ് അറിയിച്ചു.
ഡിജെ പാർട്ടിയിൽ ഏകദേശം 20 പേർ പങ്കെടുത്തതായാണ് വിവരം. ചിലരെ പറ്റിയുള്ള വിവരങ്ങൾ ഹോട്ടൽ അധികൃതർ മറച്ച് വയ്ക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഒക്ടോബർ 31, നവംബർ 1 തിയതികളിലെ ബിൽ ബുക്ക് പരിശോധിക്കൊനൊരുങ്ങുകയാണ് പോലീസ്.
ഹോട്ടൽ ഉടമയെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ഹോട്ടലിലെ ദൃശ്യങ്ങൾ നശിപ്പിക്കാൻ റോയ് ടെക്നീഷ്യൻ്റെ സഹായം തേടിയതായി പോലീസിന് വിവരം ലഭിച്ചു. വാട്സപ്പ് കോളിൽ ടെക്നീഷ്യനെ വിളിച്ചതിൻ്റെ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിൽ തർക്കമുണ്ടായപ്പോൾ റോയിയും സ്ഥലത്തുണ്ടായിരുന്നതായി പോലീസ് പറയുന്നു.
ഡിജെ പാർട്ടി നടന്ന ഹാളിലും പാർക്കിങ് ഏരിയയിലും വച്ച് വാക്കുതർക്കം ഉണ്ടായിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായി പോലീസ് ഇന്നലെ പറഞ്ഞിരുന്നു. മോഡലുകളായ അൻസി കബീറും, അഞ്ജന ഷാജനും സുഹൃത്തുക്കളും ഹോട്ടൽ വിട്ടത് ഇതിനാലാകാമെന്നാണ് പോലീസ് നിഗമനം.
ഫോർട്ട് കൊച്ചിയിൽ നിന്ന് അപകടം നടന്ന സ്ഥലം വരെ രണ്ട് കാറുകൾ ഇവരെ പിന്തുടർന്നു. അപകടം നടന്ന സ്ഥലത്തേക്ക് കാറിനെ പിന്തുടർന്ന് ഹോട്ടലുടമ എത്തിയതായി പോലീസ് സംശയിക്കുന്നു. സംശയങ്ങളുറപ്പിക്കാൻ ഹോട്ടലിലെ ദൃശ്യങ്ങൾ കിട്ടിയേ തീരൂവെന്ന നിലപാടിലാണ് പോലീസ്. ഡിജെ പാർട്ടി നടന്ന ഹാളിലെയും പാർക്കിങ് ഏരിയയിലെയും ദൃശ്യങ്ങളാണ് വേണ്ടത്. അതേസമയം, ഹോട്ടലിൻ്റെ ബാർ ലൈസൻസ് എക്സൈസ് റദ്ദാക്കി. നടപടി നിശ്ചിത സമയം കഴിഞ്ഞും മദ്യം വിളമ്പിയതിനാലാണെന്നാണ് എക്സൈസ് നൽകുന്ന വിശദീകരണം.