സാങ്കേതികമികവിലെന്ന പോലെ കാഴ്ചപ്പകിട്ടിനും അംഗീകാരം നേടി ഔഡിയുടെ ഇ ട്രോൺ ജി ടി. ജർമനിയിലെ ഗോൾഡെനെസ് ലെങ്ക്റാഡ് അഥവാ ഗോൾഡൻ സ്റ്റീയറിങ് വീൽ അവാർഡ് പ്രഖ്യാപനത്തിലാണ് ലോകത്തിലെ ഏറ്റവും ഭംഗിയുള്ള കാറിനുള്ള 2021ലെ പുരസ്കാരം ഔഡിയുടെ ഇ ട്രോൺ ജി ടി സ്വന്തമാക്കിയത്. അഴകുവഴിയുന്ന ഏറോഡൈനമിക് രൂപവും പ്രകടമായ ഗ്രില്ലും പകിട്ടേറിയ എൽ ഇ ഡി ഹെഡ്ലൈറ്റ് യൂണിറ്റും ടർബൈനിനെ അനുസ്മരിപ്പിക്കുന്ന അലോയ് ഡിസൈനുമൊക്കെ ചേർന്നാണ് ഇ ട്രോൺ ജി ടിയെ അത്യാകർഷകമാക്കുന്നത്.
‘സ്പോർട്ടി’ എന്നു വിളംബരം ചെയ്യുന്ന ഈ കാഴ്ചപ്പകിട്ടിൻ്റെ പിൻബലത്തിലാണ് ഔഡി ‘ഇ ട്രോൺ ജി ടി’ 69 എതിരാളികളെ പിന്തള്ളി ‘ലോകത്തിലെ ഏറ്റവും ഭംഗിയുള്ള കാർ’ എന്ന സൗന്ദര്യപ്പട്ടം സ്വന്തമാക്കിയത്. ജർമൻ ഓട്ടമൊബീൽ മാസികയായ ഓട്ടോ ബിൽഡും അവരുടെ യൂറോപ്യൻ പതിപ്പുകളും ബിൽഡ് ആം സോൺടാഗ് പത്രവും വായനക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് അവാർഡ് ജേതാക്കളെ നിർണയിച്ചത്. 12 വിഭാഗങ്ങളിലായി 70 മോഡലുകളായിരുന്നു വിവിധ അവാർഡുകൾക്കായി മത്സരിച്ചത്. ഇതിൽ ഭംഗിയേറിയ കാറിനുള്ള മത്സരഫലം മാത്രമാണു വായനക്കാരുടെ വോട്ടുകളുടെ അടിസ്ഥാനത്തിൽ നിർണയിക്കപ്പെട്ടത്.
ഭംഗിയുള്ള കാറിനു പുറമെ ഗോൾഡൻ സ്റ്റീയറിങ് വീൽ അവാർഡിൽ ‘ജർമൻ കാർ ഓഫ് ദ് ഇയർ 2022’ പുരസ്കാരവും ഔഡി ഇ ട്രോൺ ജി ടി സ്വന്തമാക്കി. 2026 മുതൽ വൈദ്യുത മോഡലുകൾ മാത്രം അവതരിപ്പിക്കുമെന്നു പ്രഖ്യാപിച്ച ഔഡിയുടെ ആദ്യ ഇ വിയായ ഇ ട്രോൺ ജി ടി നിരത്തിലെത്തിയിട്ട് ഒരു വർഷത്തോളമായി. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഔഡിയുടെ ഇ ട്രോൺ ജി ടി ഇന്ത്യയിലും വിൽപ്പനയ്ക്കുണ്ട്. 1.79 കോടി രൂപയാണു കാറിൻ്റെ ഷോറൂം വില.
ഇതിനു പുറമെ ഇ ട്രോണിൻ്റെ സഞ്ചാര പരിധി ഉയർത്താൻ സോഫ്റ്റ്വെയർ പരിഷ്കാരങ്ങളും ഔഡി അടുത്തയിടെ അവതരിപ്പിച്ചിരുന്നു. ഇ ട്രോൺ ക്വാട്രൊയുടെ സഞ്ചാര പരിധിയിൽ 20 കിലോമീറ്ററിൻ്റെ വർധനയാണ് സോഫ്‌റ്റ് വെർ പരിഷ്കാരത്തിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിൻ്റെ റേഞ്ചിൽ അഞ്ചു ശതമാനത്തോളം വർധനയാണിത്.