ന്യൂഡൽഹി : വായു മലിനീകരണം(air pollution) തടയാനുള്ള നടപടികൾ ചർച്ച ചെയ്യാൻ കേന്ദ്രം വിളിച്ച അടിയന്തര യോഗം(emergency meeting) ഇന്ന്. ഡൽഹി , ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ പങ്കെടുക്കും.മലിനീകരണം രൂക്ഷമായ സ്ഥലങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിക്കുമോ എന്നതടക്കമുള്ള തീരുമാനം ഇന്ന് ഉണ്ടായേക്കും.
അതേസമയം, ഡൽഹിയിലെ മലിനീകരണത്തിന് പ്രധാന കാരണം കർഷകർ വൈക്കോൽ കൂട്ടിയിട്ട് കത്തിക്കുന്നതല്ലെന്നും ഇത് തലസ്ഥാനത്തെ വൃത്തിഹീനമായ വായുവിന്റെ 10 ശതമാനം മാത്രമേ സംഭാവന ചെയ്യുന്നുള്ളൂവെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഡീസൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കരുതെന്ന് ഡൽഹി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
വായു മലിനീകരണത്തിന് കാരണമാകുന്ന “പ്രാദേശിക വാതക പുറന്തള്ളൽ നിയന്ത്രിക്കുന്നതിന് സമ്പൂർണ ലോക്ഡൗൺ” പോലുള്ള നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് ഡൽഹി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പ്രതികരണം. അതേസമയം, ലോക്ഡൗൺ ഡൽഹിയിൽ മാത്രമായി നടപ്പാക്കിയതു കൊണ്ട് കാര്യമില്ലെന്നും അയൽ സംസ്ഥാനങ്ങളിലും പ്രഖ്യാപിക്കണമെന്നും കെജ്രിവാൾ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.