പാലക്കാട്: ഭാര്യയുമൊത്ത് ബൈക്കില്‍ സഞ്ചരിക്കയായിരുന്ന ആര്.എസ്.എസ്. പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. കുന്നംകുളത്തും ചാവക്കാടും കൊടുങ്ങല്ലൂരിലും ചെറായിലും പൊന്നാനിയിലും അന്വേഷണം വ്യാപിപ്പിക്കും. പ്രതികൾ കൊലയ്ക്കെത്തിയത് വെള്ള നിറത്തിലുള്ള മാരുതി 800 കാറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ 9 മണിയോടെയാണ് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന സഞ്ജിത്തിനെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഭാര്യയും നാട്ടുകാരും നോക്കി നില്ക്കയാണ് പ്രതികള്‍ സഞ്ജിത്തിനെ വെട്ടിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.