കണ്ണൂർ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (78)അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മുന്‍പ് ഏറെനാളായി പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു.
1945 ജനുവരി 8 ന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള ‘സുറണ്ടൈ’ ഗ്രാമത്തിലാണ് പീർ മുഹമ്മദിന്റെ ജനനം. തെങ്കാശിക്കാരിയായ ബൽക്കീസായിരുന്നു മാതാവ്. തലശ്ശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും.നാലാം വസ്സുമുതല്‍ പാട്ടുകള്‍ പാടാന്‍ തുടങ്ങി. ഏഴാം വയസ്സില്‍ അദ്ദേഹത്തിന്റെ പാട്ട് റെക്കോര്‍ഡു ചെയ്തു. പീര്‍ മുഹമ്മദിന്റേതായി പതിനായിരത്തിലധികം പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. നിരവധി മാപ്പിളപ്പാട്ട് ഗാനമേളകള്‍ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനായ വി.എം കുട്ടിയുമൊത്ത് വേദി പങ്കിട്ട് നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
സംഗീതത്തിന്‍റെ ബാലപാഠങ്ങളൊന്നും പഠിക്കാനവസരം ലഭിക്കാതിരുന്ന അദ്ദേഹത്തെ ഒരു പ്രൊഫഷണൽ ഗായകനാക്കി മാറ്റിയത് സംഗീത സംവിധായകൻ എ.ടി ഉമ്മർ അണ്. പി.ടി അബ്ദുറഹ്മാന്‍റെ നാലായിരത്തോളം ഗാനങ്ങൾക്ക് പീർ മുഹമ്മദ് ശബ്ദം നൽകി. “അന്യരുടെ ഭൂമി” എന്ന സിനിമയിലെ എ.ടി. ഉമ്മറിന്‍റെ സംഗീതത്തിലെ ഒരു ഗാനവും “തേൻതുള്ളി” എന്ന ചിത്രത്തിലെ കെ. രാഘവൻ മാസ്റ്ററുടെ സംഗീതത്തിലുള്ള ഒരു ഗാനത്തിനും പീർ മുഹമ്മദ് ശബ്ദം നൽകി.
കേരള ഫോക്‌ലോയർ അക്കാദമി അവാർഡ്,എ വി മുഹമ്മദ് അവാർഡ്,ഒ അബു ഫൗണ്ടേഷൻ അവാർഡ്, മുസ്ലീം കള്‍ച്ചറൽ സെന്റർ അവാർഡ്,ആൾ കേരള മാപ്പിള സംഗീത അക്കാദമി അവാർഡ് കേരള മാപ്പിള കല അക്കാദമി അവാർഡ്,മോയിൻകുട്ടി വൈദ്യർ സ്മാരക അവാർഡ്, ദുബായ് മലബാർ കലാ സാംസ്കാരിക വേദി അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.