തിരുവനന്തപുരം; ലോകായുക്തയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചു പൊതുജനങ്ങളിൽ ശക്തമായ അവബോധം സൃഷ്ടിക്കണമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയടക്കം ഇതിനായി തുടർച്ചയായ പ്രചാരണ പരിപാടികൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരള ലോകായുക്ത സംഘടിപ്പിച്ച ലോകായുക്ത ദിനാചരണ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമവാഴ്ചയും ഭരണ നിർവഹണത്തിലെ സുതാര്യതയും ഉറപ്പാക്കുന്നതിൽ ജനങ്ങളുടെ പ്രതിനിധിയായി പ്രവർത്തിക്കാൻ ലോകായുക്തയ്ക്കു കഴിയണമെന്നു ഗവർണർ പറഞ്ഞു. പൊതുസംവിധാനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങൾക്കുള്ള ആവലാതികൾ പരിഹരിക്കുന്നതിനും അഴിമതി നിവാരണമടക്കം സംശുദ്ധ ഭരണ സംവിധാനമൊരുക്കുന്നതിനുമുള്ള ശക്തമായ ഉപാധിയാണു ലോകായുക്ത. ഇക്കാര്യത്തിൽ കഴിഞ്ഞ രണ്ടു ദശകങ്ങളായി കേരള ലോകായുക്ത നടത്തുന്ന സേവനങ്ങൾ അഭിനന്ദനാർഹമാണ്. ജനങ്ങളുടെ പൂർണ സഹകരണത്തിലൂടെയേ ലോകായുക്ത യഥാർഥ അർഥത്തിലെത്തൂ. ഇതു മുൻനിർത്തി ലോകായുക്തയെ പരമാവധി പ്രയോജനപ്പെടുത്താൻ പൊതുജനങ്ങൾ സന്നദ്ധരാകണമെന്നും ഗവർണർ പറഞ്ഞു.