ന്യൂഡല്‍ഹി: സൂര്യാസ്തമനത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം പാടില്ലെന്ന വ്യവസ്ഥ നീക്കി കേന്ദ്ര സര്‍ക്കാര്‍. മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളില്‍ രാത്രിയില്‍ പോസ്റ്റ്മോര്‍ട്ടം അനുവദിക്കുന്നതിനായി ഇത് സംബന്ധിച്ച വ്യവസ്ഥകളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം ഇറക്കി. അവയവദാനത്തിന് ഗുണകരമാകും വിധമാണ് നിർണായക മാറ്റം.
കൊലപാതകം, ആത്മഹത്യ, ബലാത്സംഗം തുടങ്ങിയ ക്രിമനൽ പശ്ചാത്തലമുള്ള സംഭവങ്ങളിലെ മൃതശരീരങ്ങൾ പകൽ സമയങ്ങളിൽ മാത്രമേ പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കൂ. ആശുപത്രിയുടെ ഫിറ്റ്നസും അടിസ്ഥാന സൗകര്യങ്ങളും ആശുപത്രിയുടെ ചുമതലയുള്ളയാള്‍ വിലയിരുത്തി തെളിവുകള്‍ നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
വിഷയത്തില്‍ സര്‍ക്കാരിന് നിവേദനങ്ങള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. രാത്രിയിലും പോസ്റ്റ്മോർട്ടം നടത്തുന്നത് അനുവദിക്കുന്നതിനായി ഹെൽത്ത് സർവീസ് ഡയറക്ടറേറ്റ് ജനറൽ ടെക്നിക്കൽ കമ്മിറ്റിയും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ചേർന്ന യോഗം വിലയിരുത്തിയിരുന്നു. ചില ആശുപത്രികളിൽ ഇത്തരത്തിൽ മികച്ച സങ്കേതിക സംവിധാനത്തോടെ നിലവിൽ രാത്രികളിൽ പോസ്റ്റ്മോർട്ടം നടത്താറുണ്ടെന്നത് യോഗം ചർച്ച ചെയ്തിരുന്നു.
ഭാവിയില്‍ സംശയങ്ങള്‍ ഒഴിവാക്കാന്‍ രാത്രിയില്‍ നടക്കുന്ന പോസ്റ്റ്മോര്‍ട്ടത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കണമെന്നും നിയമപരമായ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണമെന്നും മന്ത്രാലയങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും അയച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.