കോഴിക്കോട്: താമരശേരി (Thamarassery) അമ്പായത്തോട്ടില്‍ വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ (Dog attack) ഫൗസിയ എന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നായ്ക്കളുടെ ഉടമയ്ക്ക് പോലീസ് ജാമ്യം അനുവദിച്ചു. സംഭവത്തില്‍ ഇന്നലെ തന്നെ നായകളുടെ ഉടമയായ റോഷനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇന്ന് സ്റ്റേഷന് ജാമ്യത്തില്‍ വിടുകയായിരുന്നു.
സംഭവത്തില്‍ വീട്ടമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് എതിരെ കേസെടുത്തു. തന്നെ മര്‍ദിച്ചുവെന്ന റോഷന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. ഇവര്‍ക്ക് ഉടമയില്‍ നിന്ന് അര്‍ഹമായ നഷ്ടപരിഹാരം വാങ്ങി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടുണ്ട്.
താമരശ്ശേരി അമ്പായത്തോട്ടിലാണ് സംഭവം നടന്നത്. പ്രദേശവായിയായ ഫൗസിയക്കാണ് കടിയേറ്റത്. വെഴുപ്പൂര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകന് റോഷന്റെ വളര്‍ത്തുനായയാണ് ദേശീയ പാതയില്‍ വെച്ച് ഫൗസിയയെ ക്രൂരമായി ആക്രമിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയാണ് ഫൗസിയയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ആളുകള്‍ ഓടിക്കൂടിയിട്ടും നായ്ക്കള്‍ കടിവിട്ടിരുന്നില്ല.
യുവതിക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം നായ്ക്കളെ അലക്ഷ്യമായി അഴിച്ചു വിട്ട ഉടമസ്ഥനെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷവാങ്ങി നല്‍കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടത്. കോഴിക്കോട് ജില്ലാ കളക്ടര്‍ക്കാണ് കമ്മീഷന് ഉത്തരവ് നല്‍കിയത്. സ്വീകരിച്ച നടപടികള്‍ 15 ദിവസത്തിനകം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
റോഷന്റെ വളര്‍ത്തുനായ്ക്കള്‍ ആളുകളെ സ്ഥിരമായി ആക്രമിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.