ആലപ്പുഴ: സംസ്ഥാനത്ത് മഴയെ തുടർന്ന് 400 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി കൃഷി മന്ത്രി പി പ്രസാദ് (P Prasad). കുട്ടനാട്ടിൽ (Kuttanad) മാത്രം 5118 ഹെക്ടർ കൃഷി നാശം ഉണ്ടായെന്ന് മന്ത്രി വ്യക്തമാക്കി. മഴയിൽ കൃഷി നാശമുണ്ടായവർക്ക് ഹെക്ടറിന് 13,500 രൂപ നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
നഷ്ടപരിഹാര അപേക്ഷ ഓൺലൈൻ വഴി നൽകേണ്ടത് നിർബന്ധമാണെന്നും കൃഷിക്കാർ സമർപ്പിക്കുന്ന നാശനഷ്ട ഫോട്ടോ അംഗീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കർഷകരുടെ നഷ്ടപരിഹാര അപേക്ഷകളിൽ 30 ദിവസത്തിനകം പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സഹായം തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ജില്ലയിൽ 34 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
മഴയും ശേഷമുണ്ടാകുന്ന പരിഹാരമില്ലാത്ത വെള്ളക്കെട്ടും വലിയ പ്രതിസന്ധിയാണ് കുട്ടനാട്ടിൽ ഉണ്ടാക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ മിക്ക വീടുകളും വെള്ളത്തിലാണ്. കൃഷി പലയിടത്തും നശിച്ചു. വീടുകളിൽ കിടക്കാൻ ആവാത്തതിനാൽ പലരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോവുകയാണ്. ആകെ 34 ക്യാമ്പുകളിലായി 980 പേരാണ് ഉള്ളത്. അപ്പർ കുട്ടനാട്ടിലെ കൈനഗിരി പള്ളാത്തുരുത്തി നെടുമുടി കാവാലം നീരേറ്റുപുറം കിടങ്ങറ, തലവടി വേഴപ്രയടക്കമുള്ള മേഖലകളിലെ നിരവധി വീടുകളിൽ വെള്ളം കയറി കിടക്കുകയാണ്. ഇവിടങ്ങളിലും കൃഷിനാശമുണ്ടായി പ്രദേശങ്ങളും കൃഷി മന്ത്രി സന്ദർശിച്ചു.
കുട്ടനാട് താലൂക്കിന് പുറമേ മാവേലിക്കര ചെങ്ങന്നൂർ താലൂക്കുകളിലും ജാഗ്രതാ മുന്നറിയിപ്പുണ്ട്. ഇവിടെ 26 ക്യാമ്പുകളിലായി 696 പേരാണ് ഉള്ളത്. കിഴക്കൻ വെള്ളത്തിൻ്റെ വരവ് ഈ രാത്രിയോടെ കുറയുമെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന വിവരം.. അങ്ങനെയെങ്കിൽ നാളെ രാവിലെ മുതൽ വെള്ളം പതിയെ ഇറങ്ങി തുടങ്ങും.
ഒക്ടോബറിലെ പ്രളയത്തിൽ 216.3 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത് കൃഷിമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2018-ലെ പ്രളയത്തിൽ കൃഷി നശിച്ച എല്ലാവർക്കും നഷ്ടപരിഹാരം നൽകിയതായി അദ്ദേഹം അറിയിച്ചിരുന്നു. ആക്ഷേപമുണ്ടെങ്കിൽ പരിശോധിക്കുമെന്നും കർഷകരെ കൂടുതലായി സഹായിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.