ജുബൈല്‍: സൗദിയില്‍നിന്നുള്ള യാത്രക്കാര്‍ വിമാനക്കമ്പനികള്‍ക്കെതിരെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജി.എ.സി.എ) ഒക്ടോബറില്‍ മാത്രം 371 പരാതികള്‍ നല്കി.പരാതികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങളുടെയും അടിസ്ഥാനത്തില്‍ സൂചിക പുറത്തിറക്കി.
സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ആണ് പരാതികളില്‍ ഏറ്റവും കുറവ് ലഭിച്ച വിമാനക്കമ്പനി. ഫ്ലൈ അദീല്‍ രണ്ടും ഫ്ലൈനാസ് മൂന്നും സ്ഥാനെത്തത്തി. ടിക്കറ്റുകളുടെ മൂല്യം തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ടതാണ് ഏറ്റവും കൂടുതല്‍ പരാതികള്‍. വിമാനം റദ്ദാക്കല്‍, ബോര്‍ഡിങ് നിരസനം, വിമാനങ്ങളുടെ വൈകല്‍ എന്നിവയാണ് മറ്റു പ്രധാനപ്പെട്ടവ. വിമാനത്താവളങ്ങളുടെ റേറ്റിങ് സൂചികപ്രകാരം റിയാദിലെ കിങ് ഖാലിദ് ഇന്റര്നാഷനലില് ഒരു ലക്ഷം യാത്രക്കാര്‍ക്ക് ഒന്ന് എന്ന നിരക്കില്‍ ഏറ്റവും കുറവ് പരാതികള്‍ ലഭിച്ചത്. പ്രതിവര്‍ഷം യാത്രക്കാരുടെ എണ്ണം 60,00,000 കവിയുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സൂചിക പ്രകാരമാണിത്.
അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സൂചികയില്‍ ഏറ്റവും കുറവ് പരാതികള്‍ ലഭിച്ചത് അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനാണ്. യാത്രക്കാര്‍ക്ക് പരാതികള്‍ പരിഹരിക്കാനും സുതാര്യതയും വിശ്വാസ്യതയും കൂട്ടാനും വിമാനക്കമ്ബനികളുടെയും വിമാനത്താവളങ്ങളുടെയും പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാണ് ജി.എ.സി.എ ലക്ഷ്യമിടുന്നത്.
ഉചിതമായ സേവന ദാതാവിനെ തിരഞ്ഞെടുക്കാന്‍ ഇത് യാത്രക്കാരെ പ്രാപ്തരാക്കുകയും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിണ് കമ്ബനികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും. ഏകീകൃത കോള്‍ സെന്റര്‍ (8001168888), വാട്ട്സ്ആപ് 0115253333, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഇ-മെയില്‍, ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലൂടെ യാത്രക്കാരുമായും വിമാനത്താവളത്തില്‍ പോകുന്നവരുമായും ആശയവിനിമയം ഉറപ്പാക്കാന്‍ ജി.എ.സി.എ മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്.