ദില്ലി: ഹരിയാനയിലെ സോനിപത് ജില്ലയിലെ ഖാര്‍ഖോഡയില്‍ പുതിയ വാഹന നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി.ഖാര്‍ഖോഡയില്‍ 900 ഏക്കര്‍ സ്ഥലത്ത് ഫാക്ടറി നിര്‍മ്മിക്കാനാണ് അനുമതി.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഇക്കാര്യം വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. സോനിപത്തിലെ ഖാര്‍ഖോഡയില്‍ ഏകദേശം 900 ഏക്കര്‍ സ്ഥലത്ത് പുതിയ മാരുതി പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓട്ടോമൊബൈല്‍ മേഖലയെ ഉത്തേജിപ്പിക്കുന്ന തരത്തില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഈ ഫാക്ടറി രാജ്യത്തെ ഓട്ടോ ഭീമനായ മാരുതിയെ സഹായിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതോടൊപ്പം, കമ്പനിക്ക് 15 വര്‍ഷത്തേക്ക് സംസ്ഥാന ചരക്ക് സേവന നികുതി (എസ്ജിഎസ്ടി) റീ ഇംബേഴ്‌സ്‌മെന്റും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മറ്റൊരു ഫാക്ടറി പണിയുന്നത് ലാഭകരമാകുമെന്നാണ് പ്രതീക്ഷയാണെന്നും അത് ഉല്‍പ്പാദനം കൂട്ടുക ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളിലേക്ക് എത്തിക്കാന്‍ മാരുതി സുസുക്കിയെ സഹായിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ആഗോളതലത്തില്‍ ഇലക്‌ട്രോണിക് ഘടകങ്ങളുടെ ദൗര്‍ലഭ്യം കാരണം ഹരിയാനയിലെ രണ്ട് പ്ലാന്റുകളിലും ഗുജറാത്തിലെ മാതൃസ്ഥാപനമായ സുസുക്കി ഫാക്ടറിയിലും ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഈ മാസത്തിന്റെ തുടക്കത്തില്‍ മാരുതി സുസുക്കി ഇന്ത്യ അറിയിച്ചിരുന്നു. ഹരിയാനയിലെ രണ്ട് ഫാക്ടറികളിലെയും മൊത്തം ഉല്‍പ്പാദന അളവ് നവംബറിലെ സാധാരണ റോള്‍ ഔട്ടിന്റെ 85 ശതമാനമാകുമെന്ന് നിരീക്ഷിച്ചതിനാല്‍ സ്ഥിതിഗതികള്‍ ചലനാത്മകമാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.