തൃശ്ശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മന്ത്രി ഡോ. ആർ ബിന്ദു. തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതി അമ്പിളി മഹേഷിൻ്റെ മകളുടെ വിവാഹ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. കഴിഞ്ഞ മാസം 24 ന് ഇരിങ്ങാലക്കുടയിൽ വച്ചായിരുന്നു വിവാഹം നടന്നത്.
കേസിൽ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളിൽ ഒരാളാണ് അമ്പിളി. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം. തട്ടിപ്പിൽ ഉൾപ്പെട്ട പാർട്ടി അംഗങ്ങളായ ബാങ്കിലെ ചില മുൻ ഉദ്യോഗസ്ഥർക്ക് എതിരെ സിപിഐഎം നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിഷയത്തില്‍ കാര്യമായ പ്രതികരണം നടത്താന്‍ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. മന്ത്രി പ്രതിനിധീകരിക്കുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിലാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് നടന്നത്.