കോട്ടയം നഗരസഭയില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

കോട്ടയം: കോട്ടയം നഗരസഭയില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 11 മണിക്ക് തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങും. ഇടതുവലതുമുന്നണികള്‍ക്ക് തുല്യഅംഗബലമുള്ള കോട്ടയത്ത് നിര്‍ണായക തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസം പാസാക്കിയതിനെ തുടര്‍ന്നാണ് കോട്ടയം നഗരസഭയില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കോട്ടയത്ത് പാസാക്കിയ രണ്ട് അവിശ്വാസ പ്രമേയങ്ങളും വിവാദമായിരുന്നു. ഈരാറ്റുപേട്ട നഗരസഭയില്‍ എസ് ഡി പി ഐ പിന്തുണയോടെ അവിശ്വാസം പാസായത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിജെപി പിന്തുണയോടെ കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവിശ്വാസം പാസാക്കിയത്. ഇതോടെ നറുക്കെടുപ്പിലൂടെ അധ്യക്ഷ സ്ഥാനത്തെത്തിയ യുഡിഎഫിൻ്റെ ബിന്‍സി സെബാസ്റ്റ്യന്‍ പുറത്താവുകയായിരുന്നു.

കോട്ടയം നഗരസഭയിലെ ആകെ അംഗബലം 52 ആണ്. 22 പേര്‍ യുഡിഎഫിലും എല്‍ഡിഎഫിലും 8 കൗണ്‍സിലര്‍മാര്‍ ബിജെപിക്കുമുണ്ട്. എല്‍ഡിഎഫും യുഡിഎഫും ബിജെപിയും സ്ഥാനാര്‍ത്ഥികളെ മത്സരത്തിനിറക്കും. ബിജെപി വോട്ട് സ്വീകരിക്കില്ലെന്ന് രണ്ട് മുന്നണികളും വ്യക്തമാക്കിക്കഴിഞ്ഞു. ബിന്‍സി സെബാസ്റ്റ്യന്‍ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥി. പ്രതിപക്ഷനേതാവ് ഷീജ അനിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്കായി റീബാ വര്‍ക്കി മത്സരിക്കും.