പട്ന: ബിഹാറില്‍ എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ച ബാങ്ക് ജീവനക്കാരന് പിടിയില്‍. സ്വകാര്യ ബാങ്കിന്റെ പുണെയിലെ ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന കീര്‍ത്തി ശുഭം ആണ് പിടിയിലായത്. പട്നയിലെ പത്രകര്‍ നഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള സ്വകാര്യ ഏജന്‍സിയുടെ എടിഎമ്മാണ് കൊള്ളയടിക്കാന്‍ ശ്രമിച്ചത്.
ഐപിഎല്‍ വാതുവെപ്പില്‍ 10 ലക്ഷം രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ എടിഎം കൊള്ളയടിക്കാന്‍ ശ്രമം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളോടൊപ്പം ഒരു സൈനികന് ഉള്‍പ്പെടെ മറ്റുരണ്ടുപേരെകൂടി പോലീസ് അറസ്റ്റു ചെയ്തു.
കീര്‍ത്തി ശുഭത്തിനൊപ്പം ഇയാളുടെ ഭാര്യാസഹോദരനും ജമ്മുവില്‍ ജോലി ചെയ്യുന്ന സൈനികനുമായ വാല്മീകി കുമാര്‍ (32), സുഹൃത്ത് രാഹുല്‍ കുമാര്‍ (28) എന്നിവരാണ് അറസ്റ്റിലായത്.
സ്വകാര്യ ഏജന്‍സിയുടെ എടിഎം കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് മൂവരും ചേര്‍ന്ന് കീര്‍ത്തി ശുഭം ജോലി ചെയ്യുന്ന ബാങ്കിന്റെ എടിഎം ഇളക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ ശ്രമം പരാജയപ്പെട്ടതിനേ തുടര്‍ന്നാണ് ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു എടിഎമ്മില്‍ നിന്ന് പണം കൊള്ളയടിക്കാന്‍ തീരുമാനിച്ചത്. ആദ്യത്തെ ബാങ്കിന്റെ എടിഎമ്മില്‍ 33 ലക്ഷം രൂപയും രണ്ടാമത്തെ എടിഎമ്മില്‍ 2.5 ലക്ഷം രൂപയുമാണ് ഉണ്ടായിരുന്നത്.
ഐപിഎല്‍ വാതുവെപ്പില്‍ 10 ലക്ഷം രൂപ നഷ്ടമായെന്നും ഇതുമൂലം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കീര്‍ത്തി ശുഭം ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.