തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സംസ്ഥാനത്തെ മെഡിക്കൽ പിജി വിദ്യാർത്ഥികൾ. തങ്ങളോട് കാട്ടുന്നത് കടുത്ത ചൂഷണമാണെന്ന് കേരള മെഡിക്കൽ പിജി അസോസിയേഷൻ കുറ്റപ്പെടുത്തി. ഒഴിവുകൾ നികത്താതെ സ്പെഷ്യലിസ്റ്റുകൾ എന്ന പേരിൽ തങ്ങളെ നിയമിച്ച് ചൂഷണം ചെയ്യുകയാണ് സർക്കാർ എന്ന് ഇവർ ആരോപിച്ചു.
നീറ്റ് പിജി കൗൺസിലിങ് തുടങ്ങാത്തതിനാൽ രണ്ട് പിജി ബാച്ചുകൾ മാത്രമാണ് ഇപ്പോഴുള്ളത്. അതിനാൽ തന്നെ അധികപ്പണിയാണ് ഓരോ ദിവസവും ചെയ്യുന്നത്.
മതിയായ പിജി യോഗ്യതകളുള്ള ഡോക്ടർമാരെ ശബരിമല ഡ്യൂട്ടിക്ക് നിയമിക്കാതെ പിജി വിദ്യാർത്ഥികളെ നിയമിച്ച് അധികാരികൾ ഗിമ്മിക്ക് കാട്ടുകയാണെന്ന് കേരള മെഡിക്കൽ പിജി അസോസിയേഷൻ ഭാരവാഹികളായ ഡോ അതുൽ അശോക്, ഡോ ആർ നവീൻ എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.