അഗർത്തല: ത്രിപുരയിലെ (Tripura) വർഗ്ഗീയ സംഘർഷം റിപ്പോർട്ട് ചെയ്ത രണ്ട് മാധ്യമ പ്രവർത്തകർക്കെതിരെ കേസ് എടുത്ത് ത്രിപുര പൊലീസ് (Tripura Police). വിശ്വ ഹിന്ദു പരിഷത്തിൻറെ (VHP) പരാതിയിലാണ് മതസ്പർധ വളർത്തി അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസ് എടുത്തിരിക്കുന്നത്. സമൃദ്ധി ശകുനിയ, സ്വർണ്ണ ജാ എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇവരെ താമസിക്കുന്ന ഹോട്ടലിൽ ത്രിപുര പൊലീസ് കസ്റ്റഡിയിലാക്കിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇത് സംബന്ധിച്ച് സമൃദ്ധി ശകുനിയ ട്വീറ്റ് ചെയ്തിട്ടുണ്ട്, ട്വീറ്റ് പറയുന്നത് ഇങ്ങനെ – കഴിഞ്ഞ ദിവസം രാത്രി 10.30ന് പൊലീസുകാർ ഹോട്ടലിൽ വന്നു. അവർ ഒന്നും പറഞ്ഞില്ല 5.30 റൂം ഒഴിയാൻ ശ്രമിക്കവേ ഞങ്ങളെ തടഞ്ഞ് ധർമനഗർ സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടുപോകണമെന്ന് പറഞ്ഞു. സ്വർണ്ണ ജായും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. പൊലീസ് ഇട്ട എഫ്ഐആർ കോപ്പി ഇവർ ട്വീറ്റ് ചെയ്തു. ‘ഞങ്ങളെ അഗർത്തലയിലേക്ക് പോകുന്നത് തടഞ്ഞു, ഹോട്ടലിന് ചുറ്റും 16-17 പൊലീസുകാര് ഉണ്ട്’ ഇവരുടെ ട്വീറ്റ് പറയുന്നു.
ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, ഉനാകോട്ടി ജില്ലയിലെ ഫാത്തിക്രോയി പൊലീസ് സ്റ്റേഷനിലാണ് മാധ്യമ പ്രവർത്തകർക്കെതിരെ എഫ്ഐആർ ഇട്ടിരിക്കുന്നത്. നവംബർ 21ന് സ്റ്റേഷനിൽ നേരിട്ട് ഹാജറാകാൻ ഇവർക്ക് നിർദേശം നൽകിയെന്നാണ് ത്രിപുര പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
അതേ സമയം മാധ്യമപ്രവർത്തകരുടെ നിരന്തരം ട്വീറ്റുകൾക്ക് പിന്നാലെ ഇവർ താമസിക്കുന്ന ഹോട്ടലിന് അരികിൽ പൊലീസിനെ നിയോഗിച്ചിട്ടില്ലെന്നാണ് ത്രിപുര പൊലീസ് ട്വീറ്റ് ചെയ്തത്. നോട്ടീസ് നൽകാൻ മാത്രമാണ് പൊലീസ് ഹോട്ടലിൽ എത്തിയത് എന്നാണ് ത്രിപുര പൊലീസ് പറയുന്നത്.
ഒക്ടോബർ 26ന് ബംഗ്ലദേശിൽ ദുർഗ പൂജയ്ക്കിടെ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്. ത്രിപുരയിലെ പാനിസാഗറിൽ മുസ്ലിം പള്ളിയും കടകളും തകർത്ത സംഭവത്തിൽ റിപ്പോർട്ട് നൽകിയ മാധ്യമ പ്രവർത്തകരാണ് സമൃദ്ധിയും സ്വർണയും. അതേസമയം ഗോമതി ജില്ലയിലെ കക്രബൻ പ്രദേശത്തെ മുസ്ലിം പള്ളി തകർത്തെന്നത് വ്യാജവാർത്തയാണെന്ന് സർക്കാർ അറിയിച്ചിരുന്നു.
FIR🚨 in #Tripura@Jha_Swarnaa and I, the correspondent at @hwnewsnetwork have been booked under 3 sections of IPC at the Fatikroy police station, Tripura.
VHP filed complaint against me and @Jha_Swarnaa FIR has been filed under the section: 120(B), 153(A)/ 504.
Copy of FIR pic.twitter.com/a8XGC2Wjc5
— Samriddhi K Sakunia (@Samriddhi0809) November 14, 2021