തിരുവനന്തപുരം: സംസ്ഥാനത്താകെ ശക്തമായ തുടരുന്നു(Heavy Rainfall). ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും (Red Alert) എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും (Orange Alert) തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ എട്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പാലക്കാടും, മലപ്പറത്തും, വയനാടും യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
അതിതീവ്ര മഴയുടെ പശ്ചാതലത്തിൽ മുഖ്യമന്ത്രി (Pinarayi Vijayan) ഉന്നതതലയോഗം വിളിച്ചു. വൈകീട്ട് 3.30ന് തുടങ്ങിയ യോഗത്തിൽ റവന്യൂ മന്ത്രിയും ഉന്നതഉദ്യോഗസ്ഥരും കളക്ടർമാരും യോഗത്തിൽ പങ്കെടുത്തു. തമിഴ്നാടിന് മുകളിലും അറബിക്കടലിലുമായുള്ള ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതാണ് നിലവിൽ മഴ ശക്തമാകുന്നതിന് കാരണം. അടുത്ത മണിക്കൂറുകളിൽ വടക്കൻ മേഖലകളിലേക്ക് കാറ്റ് വ്യാപിക്കുമെന്ന് മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇന്നലെ കനത്ത മഴ ലഭിച്ച പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിപ്പുണ്ട്.
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്
മൂന്ന് ദിവസത്തേക്ക് കൂടി മഴ തുടരാനാണ് സാധ്യത. നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. ചക്രവാതചുഴിയുടെ സ്വാധീനഫലമായി പലയിടത്തും ഒറ്റപ്പെട്ട അതിശക്തമായ മഴയും കാറ്റും ഉണ്ടായേക്കും. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ബംഗാൾ ഉൾകടലിൽ ആന്തമാൻ കടലിൽ നിലനിൽക്കുന്ന ന്യൂനമർദ്ദം നാളെയോടെ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. തുടർന്ന് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുകയും വീണ്ടും ശക്തി പ്രാപിച്ച് വ്യാഴാഴ്ചയോടെ (നവംബർ 18) ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാനുമാണ് സാധ്യതയെന്നാണ് കേന്ദ്രകാലവസ്ഥാ വകുപ്പിൻറെ വിലയിരുത്തൽ.
അതേസമയം മഴക്കെടുതി നേരിടാൻ കേരള ഫയർ & റെസ്ക്യൂ വകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നഗരത്തിലെ മഴക്കെടുതികൾ ഫലപ്രദമായി നേരിടുന്നതിനും പൊതുജനങ്ങളെ സഹായിക്കുന്നതിനുമായി തിരുവനന്തപുരം ജില്ല അഗ്നിരക്ഷാ നിലയത്തിലാണ് കൺട്രോൾ റൂം സജ്ജമാക്കിയിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങൾക്കായി കൺട്രോൾ റൂമിൻറെ സേവനം ആവശ്യമുള്ളവർ 101, 04712333101 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.