തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയുടെ (Kerala Lalitha kala Academy) ഓണറബിൾ മെൻഷൻ പുരസ്കാരം നേടിയ കാർട്ടൂണിനെതിരെ (Cartoon) ബിജെപി (BJP) രംഗത്ത്. 25000 രൂപ സമ്മാനത്തുകയുള്ള ഓണറബിൾ പുരസ്കാരം നേടിയ കാർട്ടൂണിനെതിരെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran) രംഗത്തെത്തിയത്. കൊവിഡ് 19 ഗ്ലോബൽ മെഡിക്കൽ സമ്മിറ്റ് എന്ന തലക്കെട്ടിൽ വരച്ച കാർട്ടൂണിൽ ഇന്ത്യയുടെ പ്രതിനിധിയായി സ്ഥലത്ത് കാവി പുതച്ച പശുവിനെ ചിത്രീകരിച്ചതാണ് പ്രതിഷേധത്തിന് കാരണം. ഇംഗ്ലണ്ട്, ചൈന, യുഎസ്എ പ്രതിനിധികൾക്കൊപ്പമാണ് ഇന്ത്യയുടെ പ്രതിനിധിയെ പശുവായി ചിത്രീകരിച്ചത്.
പിതൃശൂന്യ പ്രവൃത്തിയാണ് ലളിതകലാ അക്കാദമി കാണിച്ചതെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. സ്വന്തം നാടിനെ അപമാനിക്കാനും അവഹേളിക്കാനും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ തയ്യാറായാൽ അതിനെ എതിർക്കാൻ നാടിനെ സ്നേഹിക്കുന്നവർക്ക് മറുത്തൊന്നാലോചിക്കേണ്ടിവരില്ല. നാടു ഭരിക്കുന്നവരാണ് ഇത്തരം നെറികേടുകളെ നിയന്ത്രിക്കേണ്ടത്. അവരതിന് തയ്യാറാവുന്നില്ലെങ്കിൽ ജനങ്ങൾക്ക് അതേറ്റെടുക്കേണ്ടി വരുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
തിരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ഉത്തരവാദികളെ സമൂഹം വെറുതെ വിടില്ലെന്ന് മറ്റൊരു കുറിപ്പിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ പുരസ്കാരങ്ങൾക്ക് അർഹമായ കാർട്ടൂണുകൾ തെരഞ്ഞെടുത്തത് ജൂറിയാണെന്നും അവരുടെ അധികാരത്തിൽ ഇടപെടില്ലെന്നും ലളിതകലാ അക്കാദമി വിശദീകരിച്ചു.