അബുദാബി: ജനങ്ങള്‍ക്ക് സേവനങ്ങള്‍ സൗകര്യത്തോടെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബിയില്‍ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വാരാന്ത്യ അവധിദിനങ്ങളിലും തുറന്നുപ്രവര്‍ത്തിക്കുന്നതിലൂടെ ലൈസന്‍സിങ് സംവിധാനത്തിന്റെ കാര്യക്ഷമതയാണ് വ്യക്തമാകുന്നതെന്ന് അബുദാബി പോലീസ് വാഹന ലൈസന്‍സിങ് വിഭാഗം സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അല്‍ ബുറൈഖ് അല്‍ അമീരി പറഞ്ഞു.
പ്രവൃത്തിദിനങ്ങളില്‍ ടെസ്റ്റുകള്‍ക്ക് ഹാജരാകാന്‍ അസൗകര്യമുള്ളവര്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസം പകരും.ഇതുപ്രകാരം മുസഫയിലെ ഡ്രൈവേഴ്സ് എക്സാമിനേഷന് ആന്‍ഡ് ലൈസന്‍സിങ് സെന്റര്‍ ശനിയാഴ്ചയും തുറന്നുപ്രവര്‍ത്തിക്കും. രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയായിരിക്കും പ്രവര്‍ത്തനം.
അല്‍ ഐനില്‍ അഡ്നോക് സേഫ്റ്റി ബില്‍ഡിങ്ങിലുള്ള സേവനകേന്ദ്രം വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി എട്ടുമണി വരെ പ്രവര്‍ത്തിക്കും. ഇവിടെയുള്ള കസ്റ്റമര്‍ ഹാപ്പിനെസ് സെന്റര്‍ ശനിയാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ പ്രവര്‍ത്തിക്കും. അല്‍ ദഫ്റ മദിനത് സായിദിലുള്ള ഡ്രൈവേഴ്സ് ആന്‍ഡ് വെഹിക്കിള്‍സ് ലൈസന്‍സിങ് ഡിപ്പോര്‍ട്ട്മെന്റ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി എട്ടുമണി വരെയാണ് പ്രവര്‍ത്തിക്കുക.
വെഹിക്കിള്‍ ലൈസന്‍സിങ് സര്‍വീസസ്, ഡ്രൈവേഴ്സ് ലൈസന്‍സിങ് സവീസസ്, ഡ്രൈവര്‍ എക്സാമിനേഷന് സര്‍വീസസ് എന്നിവ ശനിയാഴ്ച രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ സേവനങ്ങള്‍ ലഭ്യമാക്കും.