ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാം ഇന്ന് തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡാമിൻ്റെ ഒരു ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തും. സെക്കൻഡിൽ 40,000 ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്നും മന്ത്രി പറഞ്ഞു.
ആവശ്യമെങ്കിൽ കൂടുതൽ വെള്ളം തുറന്നുവിടും. മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാൽ ആ ജലം കൂടി ശേഖരിക്കാൻ വേണ്ടിയാണ് ഇടുക്കി ഡാമിലെ വെള്ളം ഒഴുക്കിവിടുന്നത്. റെഡ് അലർട്ടിലേക്ക് എത്താതിരിക്കാനാണ് ശ്രമം. പെരിയാറിൻ്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. 2398.80 അടിയാണ് ഇപ്പോൾ ഇടുക്കി ഡാമിലെ ജലനിരപ്പ്. ഡാം തുറക്കുന്നതിൻ്റെ മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്.
അതിനിടെ, മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി. ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ശക്തമായി. സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 4,056 ഘനയടി വെള്ളമാണ്. ജലനിരപ്പ് വീണ്ടും ഉയർന്നതിനാൽ ഡാമിൻ്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാർ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.