ദോഹ : ഖത്തറിന്റെ കോവിഡ് അപകടസാധ്യതാ രാജ്യങ്ങളുടെ പട്ടിക പുതുക്കി. പുതുക്കിയ പട്ടിക ഈ മാസം 15ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 12.00 മുതൽ പ്രാബല്യത്തിലാകും.
രാജ്യങ്ങളിലെ കോവിഡ് വ്യാപനതോത് അടിസ്ഥാനമാക്കി ഗ്രീൻ, റെഡ്, എക്സെപ്ഷനൽ റെഡ് എന്നിങ്ങനെ 3 വിഭാഗങ്ങളായാണ് പട്ടിക. ഗ്രീൻ ലിസ്റ്റിൽ 181 രാജ്യങ്ങളും (https://covid19.moph.gov.qa/EN/Documents/PDFs/GREEN-LIST-COUNTRIES.pdf)
റെഡ് ലിസ്റ്റിൽ 21 രാജ്യങ്ങളും (https://covid19.moph.gov.qa/EN/Documents/PDFs/RED-LISTED-COUNTRIES.pdf)
എക്സെപ്ഷനൽ റെഡ് ലിസ്റ്റിൽ 10 രാജ്യങ്ങളും (https://covid19.moph.gov.qa/EN/Documents/PDFs/HIGH-RISK-LIST-COUNTRIES.pdf) ആണുള്ളത്.
ഏതു രാജ്യത്തു നിന്നായാലും ഖത്തർ അംഗീകൃത കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ സന്ദർശകർക്ക് മാത്രമേ ഖത്തറിൽ പ്രവേശനമുള്ളു. ഇന്ത്യ നേരത്തെ മുതൽ എക്സെപ്ഷനൽ റെഡ് ലിസ്റ്റിൽ ആണ്. ഇന്ത്യയിൽ നിന്നെത്തുന്ന സന്ദർശകർക്കും ഖത്തർ പ്രവാസികൾക്കുമെല്ലാം 2 ദിവസം ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്. ഭാഗികമായി വാക്സിനെടുത്ത ഖത്തർ പ്രവാസികൾക്ക് 7 ദിവസമാണ് ഹോട്ടൽ ക്വാറന്റീൻ.
യുഎഇ വീണ്ടും റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. യുഎഇയിൽ നിന്നുള്ള സന്ദർശകർ ദോഹയിലെത്തി 2 ദിവസം ഹോട്ടൽ ക്വാറന്റീനിൽ കഴിയുകയും വേണം. അതേസമയം കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ യുഎഇയിൽ നിന്നെത്തുന്ന ഖത്തരി പൗരന്മാർ, ജിസിസി പൗരന്മാർ, ഖത്തറിലെ പ്രവാസി താമസക്കാർ എന്നിവർക്ക് ഹോട്ടൽ ക്വാറന്റീൻ ബാധകമല്ല. എന്നാൽ ഖത്തറിലേക്കുള്ള യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.