ദുബായ്:കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉള്ളതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ വ്യക്തമാക്കി. അടിയന്തര യാത്രയ്ക്കു എയർ സുവിധ അപേക്ഷയിൽ പ്രത്യേക കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സിർബനിയാസ് ഫോറത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശ കാര്യമന്ത്രി എസ്.ജയ്ശങ്കറിനൊപ്പം ഇന്ത്യൻ പവിലിയനിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വാറന്റീൻ ഒഴിവാക്കിയും നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയും ഇന്ത്യ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന വാക്സീനുകൾ യുഎഇയും അനുവദിക്കുന്നതായി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യയുടെ കോവാക്സീൻ യുഎഇയും അംഗീകരിച്ചു. യുഎഇയിലേക്കു വരാൻ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യത്തിൽ ദേശീയദുരന്ത നിവാരണ സമിതിയുമായി ആലോചിച്ച് നടപടിയെടുക്കാമെന്ന് യുഎഇ സമ്മതിച്ചെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യമേഖലയിൽ ഉൾപ്പെടെ കൈക്കൊണ്ട ശക്തമായ നടപടികൾ മൂലം ഇന്ത്യ അതിവേഗം സാധാരണ നിലയിലേക്ക് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ദുബായ് ഇന്ത്യൻ സ്ഥാനപതി ഡോ.അമൻപുരിയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.