മനാമ: ഇന്ത്യൻ ക്ലബ് സംഘടിപ്പിക്കുന്ന ബഹ്റൈൻ ഇൻറർനാഷനൽ സീരീസ് ബാഡ്മിൻറൺ ടൂർണമെൻറ് നവംബർ 17 മുതൽ 21 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബഹ്റൈൻ ബാഡ്മിൻറൺ ആൻഡ് സ്ക്വാഷ് ഫെഡറേഷെൻറ സഹകരണത്തോടെയാണ് ടൂർണമെൻറ്. 25 രാജ്യങ്ങളിൽനിന്നുള്ള 200ൽ അധികം അന്താരാഷ്ട്ര താരങ്ങൾ ടൂർണമെൻറിൽ പെങ്കടുക്കും.
ഇന്ത്യയിൽനിന്നാണ് ഏറ്റവും കൂടുതൽ താരങ്ങൾ -60 പേർ. ബഹ്റൈന് പുറമെ, ആസ്ട്രേലിയ, ബൾഗേറിയ, ബെൽജിയം, കാനഡ, ഇൗജിപ്ത്, എസ്തോണിയ, ജോർഡൻ, ഹോങ്കോങ്, ഇന്തോനേഷ്യ, ഇറാഖ്, മലേഷ്യ, മാലദ്വീപ്, മാൾട്ട, പാകിസ്താൻ, സൗദി അറേബ്യ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സിറിയ, തുർക്കി, യു.എ.ഇ, യു.എസ്.എ എന്നിവിടങ്ങളിൽനിന്നുള്ള താരങ്ങളും പെങ്കടുക്കുന്നുണ്ട്.
പുരുഷ, വനിതാ സിംഗ്ൾസ്, ഡബ്ൾസ് വിഭാഗങ്ങളിലും മിക്സഡ് ഡബ്ൾസ് വിഭാഗത്തിലും മത്സരം അരങ്ങേറും. ഇന്ത്യൻ ക്ലബിലെ രണ്ട് കോർട്ടുകളിൽ എല്ലാദിവസവും രാവിലെ ഒമ്പതിന് തുടങ്ങുന്ന മത്സരം രാത്രി 10 മണിവരെ നീണ്ടുനിൽക്കും. നവംബർ 21ന് ഗ്രാൻഡ് ഫൈനൽ നടക്കും. ആദ്യ 100 റാങ്കിലുള്ള തുർക്കിയുടെ വനിതാതാരം ഒാസ്ഗെ ബൈറാക്, ആദ്യ 100ന് തൊട്ടുപുറത്തുള്ള ഇന്തോനേഷ്യയുടെ ഇഖ്സാൻ ലിയനാർഡോ ഇമ്മാനുവേൽ റുംബെ എന്നിവരാണ് ടൂർണമെൻറിലെ ശ്രദ്ധേയതാരങ്ങൾ.
വാർത്താസമ്മേളനത്തിൽ ആക്ടിങ് പ്രസിഡൻറ് സാനി പോൾ, സെക്രട്ടറി സതീഷ് ഗോപിനാഥ്, ബഹ്റൈൻ ബാഡ്മിൻറൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഹിഷാം അൽ അബ്ബാസി, ബാഡ്മിൻറൺ ഡെവലപ്മെൻറ് മാനേജർ ജാഫർ ഇബ്രാഹിം, മുൻ പ്രസിഡൻറ് സ്റ്റാലിൻ ജോസഫ്, ടൂർണമെൻറ് ഡയറക്ടർ സുനീഷ് കല്ലിങ്കൽ, ബാഡ്മിൻറൺ സെക്രട്ടറി ജുനിത്, ചീഫ് കോഒാഡിനേറ്റർ അരുണാചലം എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.