കോട്ടയം: പ്രമേഹത്തെ പിടിച്ചുകെട്ടാന്‍ വിരല്‍ത്തുമ്പിൽ ചികിത്സസൗകരമൊരുക്കി ഒരുകൂട്ടം യുവ ഡോക്ടര്‍മാര്‍.ആശുപത്രികളിലേക്ക് എത്താതെതന്നെ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് കോട്ടയം മെഡിക്കല്‍ കോളജിലെ പൂര്വവിദ്യാര്ഥികളാണ് ‘മൈ ഷുഗര്‍ ക്ലിനിക്’ പേരില്‍ ആപ് രൂപപ്പെടുത്തിയിരിക്കുന്നത്.
ലോക പ്രമേഹദിനമായ ഇന്ന് മുതലാണ് ആപ് പ്രവര്‍ത്തനസജ്ജമാകുന്നത്.വിവിധ ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ ലഭ്യമാണെങ്കിലും പ്രമേഹത്തിന് മാത്രമായുള്ള ഇത്തരമൊരു വെബ് ആപ് രാജ്യത്തെതന്നെ ആദ്യസംരംഭമാണെന്ന് ഇവര്‍ പറയുന്നു.
വിഡിയോ കോണ്‍ഫറന്‍സിലൂടെയും ഫോണിലൂെടയും രോഗവിവരങ്ങള്‍ മനസ്സിലാക്കുകയും മരുന്നുകളുടെ കുറിപ്പുകള്‍ ഓണ്‍ലൈനായിതന്നെ നല്‍കുകയും ചെയ്യും. ഏതുസമയത്തും അപ്പോയിന്മെന്റ് എടുത്ത് ഡോക്ടറെ കാണാന്‍ കഴിയുമെന്നതാണ് ഇതിൻറെ പ്രത്യേകത.
ഇഷ്ടമുള്ള ഡോക്ടറെ തെരഞ്ഞെടുത്ത് കാണാനും കഴിയും. നിശ്ചിത ഇടവേളകളില്‍ ഈ ഡോക്ടര്‍മാരെ നേരില്‍ കാണാനും സൗകര്യമുണ്ടാകും.കലോറി കാല്‍ക്കുലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങളും ഇതിനൊപ്പം സജ്ജീകരിച്ചിട്ടുണ്ട്.
ഒരോ നേരവും കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിലേക്കെത്തുന്ന കലോറി ഇതിലൂടെ കണ്ടെത്താന്‍ കഴിയും. കഴിച്ച ഭക്ഷണത്തിൻറെ വിവരങ്ങള്‍ നല്കുമ്പോൾ അതിലൂടെ ശരീരത്തിലേക്ക് എത്തിയ കലോറിയുടെ അളവ് അറിയാം.
ഓരോത്തരുടെയും ശരീരപ്രകൃതിക്കനുസരിച്ച് എത്ര കലോറിയാണ് ആവശ്യമെന്നും നിലവില്‍ എത്രയാണ് ലഭിക്കുന്നതെന്നും ഇതിലൂടെ അറിയാന്‍ കഴിയും. ശരീരത്തിന് ആവശ്യമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുന്നതിലൂടെ മരുന്നുകളുടെ ഉപയോഗം വലിയതോതില്‍ കുറക്കാനാകുമെന്ന് ഇവര്‍ പറയുന്നു. ഒപ്പം ഡയറ്റീഷന്‍ അടക്കമുള്ള സേവനങ്ങളും ആപ്പിലൂടെ രോഗിക്ക് ലഭ്യമാക്കും.
മാറുന്ന ജീവിതശൈലിയുടെയും ഭക്ഷണശീലങ്ങളുടെയുമൊക്കെ ഭാഗമായി ഓരോ വര്‍ഷവും പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് ഇവര്‍ പറയുന്നു. കിഡ്നിയുടെ തകരാറുകളിലേക്കടക്കം നയിക്കാനും ഇത് കാരണമാകുന്നു.
പലരും ഒരുതവണ ഡോക്ടറെ കാണുകയും പിന്നീട് ആ ഗുളിക വര്‍ഷങ്ങളോളം ഉപയോഗിക്കുകയുമാണ്. ഇതിനുപകരം ഓണ്‍ലൈനിലൂടെ നിശ്ചിത ഇടവേളകളില്‍ ഡോക്ടറെ മൈ ഷുഗര്‍ ക്ലിനിക്കിലൂടെ കഴിയും. ഭക്ഷണനിയന്ത്രണമടക്കമുള്ള നിര്‍ദേശങ്ങളും നിരന്തരം നല്‍കും. കോട്ടയം മെഡിക്കല്‍ കോളജിലെ 2006 ബാച്ചിലെ വിദ്യാര്‍ഥികളായിരുന്ന എസ്. ഭാഗ്യ, പി. ഷംനാദ്, അരുണ്‍ തോമസ്, ടി. അജീഷ്, ഹാഷിഖ് പി. മുഹമ്മദ്, സുബൈര്‍ സലാം, ദിവിന് ഓമനക്കുട്ടന്, എസ്. പ്രശാന്ത് എന്നീ യുവ ഡോക്ടര്‍മാരാണ് ഇതിനുപിന്നില്‍.