മനാമ: 38 വയസുകാരനായ പ്രവാസി ജീവനക്കാരനിൽ നിന്ന് 14 പേർക്ക് കൊവിഡ് വൈറസ് പിടിപെട്ടതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം (Bahrain Health ministry). രോഗികൾ എല്ലാവരും ഒരുമിച്ച് ജോലി ചെയ്യുകയും ഒരേ സ്ഥലത്ത് താമസിക്കുകയും ചെയ്തിരുന്നവരാണ്. രാജ്യത്തെ കൊവിഡ് രോഗികളുടെ സമ്പർക്ക പരിശോധന സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രതിവാര കണക്കിലാണ് (contact tracing report) ഈ വിവരമുള്ളത്.
നവംബർ നാല് മുതൽ 10 വരെയുള്ള ദിവസങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്തെ ശരാശരി കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. നേരത്തെ ശരാശരി പ്രതിദിന കേസുകൾ 39 ആയിരുന്നെങ്കിൽ അത് 26 ആയാണ് കുറഞ്ഞത്. ഇക്കാലയളവിൽ ആകെ 182 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 107 പേർ സ്വദേശികളും 75 പേർ പ്രവാസികളുമാണ്. 160 പേർക്കും മറ്റ് രോഗികളുമായുള്ള സമ്പർക്കത്തിലൂടെ കൊവിഡ് പിടിപെട്ടതാണെന്നും കണ്ടെത്തി. 22 പേർക്ക് യാത്രകൾക്ക് ശേഷം രോഗം കണ്ടെത്തുകയായിരുന്നു.
രോഗ ലക്ഷണങ്ങളില്ലാത്തവരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ രോഗബാധ കണ്ടെത്തിയത് 35 പേർക്കാണ്. 42 പേർക്ക് ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. 29 പേരാണ് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തത്.