തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരുകയാണ്. എറണാകുളം കളമശേരിയില്‍ മണ്ണിടിഞ്ഞ് ഒരു മരണം. മരിച്ചത് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി തങ്കരാജ് (72) ആണ്. അപ്പര്‍കുട്ടനാട്ടിലെ തിരുവല്ല, ചെങ്ങന്നൂര്‍ മേഖലകളില്‍ കനത്തമഴയാണ്.
മാന്നാര്‍, ബുധനൂര്‍, ചെന്നിത്തല, വെണ്മണി, ചെറിയനാട് പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അച്ചന്‍കോവില്‍, കുട്ടമ്പേരൂരാര്‍, പുത്തനാര്‍ എന്നിവ കരകവിഞ്ഞു. കുട്ടനാട്ടില്‍ ജലനിരപ്പുയരുകയാണ്. കൊച്ചിയിലും ആലപ്പുഴയിലും തൃശൂരും കോട്ടയത്തും കനത്ത മഴ തുടരുകയാണ്. ഇന്നലെ മഴ വന്‍ നാശമുണ്ടാക്കിയ തിരുവനന്തപുരം ജില്ലയില്‍ ഇപ്പോള്‍ മഴ മാറി നില്‍ക്കുകയാണ്.
തിരുവനന്തപുരത്ത് 33 ദുരിതാശ്വാസ ക്യാംപുകളിലായി 571 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിനോദ സഞ്ചാരവും ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങളും നിരോധിച്ചു. മലയോര മേഖലകളിലേയ്ക്ക് അത്യാവശ്യത്തിനല്ലാതെ യാത്ര പാടില്ല. നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളുടെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നതിനാല്‍ സമീപവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.