തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ കനത്ത മഴ തുടരുന്നു. കൊച്ചിയിലും ആലപ്പുഴയിലും തൃശൂരും കോട്ടയത്തും കനത്ത മഴയാണ്. ഇന്നലെ മഴ വന്‍ നാശമുണ്ടാക്കിയ തിരുവനന്തപുരം ജില്ലയില്‍ ഇപ്പോള്‍ മഴ മാറി നില്‍ക്കുകയാണ്. തിരുവനന്തപുരത്ത് 33 ദുരിതാശ്വാസ ക്യാംപുകളിലായി 571 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
വിനോദ സഞ്ചാരവും ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങളും നിരോധിച്ചു. മലയോര മേഖലകളിലേയ്ക്ക് അത്യാവശ്യത്തിനല്ലാതെ യാത്ര പാടില്ല. നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളുടെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നതിനാല്‍ സമീപവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ രാത്രി മഴയ്ക്ക് കുറവുണ്ടായി. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് തെന്മല അമ്പനാട് എസ്റ്റേറ്റിലുളളവരെയും ആര്യങ്കാവ് തേവർകാട് കോളനിയിലുള്ളവരെയും മാറ്റിപ്പാർപ്പിച്ചിരുന്നു. ആര്യങ്കാവ് അച്ചൻകോവിൽ, കുളത്തൂപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് നാളെയും, മറ്റന്നാളും കളക്ടർ അവധി നൽകി.
ആര്യങ്കാവ് കേന്ദ്രീകരിച്ച് അഗ്നി രക്ഷാസേനയുടെ യൂണിറ്റ് സജ്ജമാക്കി. തെന്മല പരപ്പാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയുടെ മലയോര മേഖലകളിലടക്കം ശക്തമായ മഴയുണ്ട്. രാത്രിയിലും വ്യാപകമായി മഴ ലഭിച്ചു. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.72 അടിയിലെത്തി. എങ്കിലും ചെറുതോണി വഴി വെള്ളം തുറന്നു വിടുന്നതിൽ തീരുമാനം ആയിട്ടില്ല. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക് അടുക്കുകയാണ്. നിലവിൽ 139.9 അടിയാണ് ജലനിരപ്പ്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് വളരെ കുറവായതാണ് ജലനിരപ്പ് ഉയർത്തുന്നത്.